മോസ്കോ: റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ അധിക തീരുവ ചുമത്താനുള്ള ബില്ലിന് യുഎസ് പ്രതിനിധി സഭ അംഗീകാരം നൽകിയതിൽ മുന്നറിയിപ്പുമായി റഷ്യ. ഇത് യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളെ പ്രതികൂലമായി ബാധിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി.
ജനപ്രതിനിധി സഭ ബിൽ അംഗീകരിച്ചത് സൗഹൃദപരമല്ലാത്ത നടപടിയാണെന്നും ‘നരകതുല്യമായ ഉപരോധ ബിൽ’ പ്രാബല്യത്തിൽ വരുന്നത് യുക്രൈനിൽ സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ കൂടുതൽ സങ്കീർണമാക്കുമെന്നും റഷ്യ പ്രസ്താവനയിൽ വ്യക്തമാക്കി.
റഷ്യൻ എണ്ണയും ഗ്യാസും വാങ്ങുന്ന അഞ്ച് രാജ്യങ്ങൾക്കുമേൽ 100% വരെ താരിഫ് ചുമത്താൻ ട്രംപ് ഭരണകൂടത്തിന് അധികാരം നൽകുന്ന ബില്ലിനാണ് യുഎസ് ജനപ്രതിനിധിസഭ അംഗീകാരം നൽകിയത്. ഇന്ത്യ, ചൈന, സ്ളോവാക്യ, ഹംഗറി, അസർബൈജാൻ എന്നീ പ്രധാന രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ബിൽ. 262-159 വോട്ടിനാണ് ബിൽ പാസായത്.
റഷ്യയുടെ ഊർജ, പ്രതിരോധ മേഖലകൾ, പ്രസിഡണ്ട് വ്ളാഡിമിർ പുടിൻ, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ, പാശ്ചാത്യ ഉപരോധങ്ങൾ മറികടക്കാൻ ഉപയോഗിക്കുന്ന റഷ്യയുടെ ഷാഡോ ഫ്ളീറ്റ് ടാങ്കറുകൾ എന്നിവയെയാണ് പ്രധാനമായും ഈ നിയമം ലക്ഷ്യമിടുന്നത്. കൂടാതെ, റഷ്യൻ സൈന്യത്തെ സഹായിക്കുന്ന വിദേശ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാനും ഇറാനുമായി ബന്ധപ്പെട്ട ഉപരോധങ്ങൾ വ്യാപിപ്പിക്കാനും ഇതിൽ വ്യവസ്ഥയുണ്ട്.
ബുധനാഴ്ച നടന്ന വോട്ടെടുപ്പിലാണ് ബിൽ ജനപ്രതിനിധി സഭ പാസാക്കിയത്. 203 റിപ്പബ്ളിക്കൻമാരും 58 ഡെമോക്രാറ്റുകളും ഒരു സ്വതന്ത്രനും ബില്ലിനെ അനുകൂലിച്ചപ്പോൾ ഏഴ് റിപ്പബ്ളിക്കൻമാരും 152 ഡെമോക്രാറ്റുകളും ഇതിനെ എതിർത്തു. നേരത്തെ യുഎസ് സെനറ്റ് അംഗീകരിച്ച ഈ ബില്ലിൽ ഇനി ട്രംപ് ഒപ്പുവെക്കുന്നതോടെ നിയമമായി മാറും. നേരത്തെ ഇന്ത്യയും യുഎസ് നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം




































