കോട്ടയം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് നാലുവർഷം തടവുശിക്ഷയും 30,84,892 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കോട്ടയം വിജിലൻസ് കോടതിയുടേതാണ് വിധി. 2003 ജനുവരി ഒന്നുമുതൽ 2007 ജൂലൈ ഏഴുവരെയുള്ള കാലയളവിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്.
തച്ചങ്കരിക്ക് തന്റെ വരുമാന സ്രോതസുകളെക്കാൾ 64 ലക്ഷം രൂപയുടെ അധിക സ്വത്ത് ഉണ്ടായിരുന്നുവെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. വെളിപ്പെടുത്തിയ വരുമാന മാർഗങ്ങളേക്കാൾ 135% കൂടുതലായിരുന്നു ഇത്. അധിക വരുമാനത്തിന് തൃപ്‌തികരമായ വിശദീകരണമോ തെളിവോ നൽകാൻ തച്ചങ്കരിക്ക് സാധിച്ചില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
തച്ചങ്കരിക്ക് ഡെപ്യൂട്ടി ഇൻസ്‌പെക്‌ടർ ജനറലായി സ്‌ഥാനക്കയറ്റം ലഭിച്ചപ്പോഴാണ് വിജിലൻസ് അന്വേഷണം ആരംഭിക്കുന്നത്. സ്‌ഥലം വാങ്ങിയ വകയിൽ സ്‌റ്റാംമ്പ് ഡ്യൂട്ടി അടയ്‌ക്കാതെ സർക്കാരിന് നഷ്‌ടം വരുത്തിയെന്നും വിജിലൻസിൻ്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 2013ൽ തൃശൂർ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസ് പിന്നീട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേക്കും ശേഷം കോട്ടയത്തേക്കും മാറ്റുകയായിരുന്നു.
കേസിൽ തുടരന്വേഷണം വേണമെന്ന തച്ചങ്കരിയുടെ ആവശ്യം ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതിനെ തുടർന്നാണ് വിജിലൻസ് കോടതി ജഡ്‌ജി കെവി രജനീഷിന്റെ മുൻപാകെ വിജാരണ പൂർത്തിയാക്കിയത്.
മാതാപിതാക്കൾ വഴി കൈമാറിക്കിട്ടിയ കുടുംബ സ്വത്താണെന്നും കേസിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് തച്ചങ്കരി ഹരജി സമർപ്പിച്ചിരുന്നെങ്കിലും വിജിലൻസ് കോടതി തള്ളിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പബ്‌ളിക് പ്രോസിക്യൂട്ടർ കെകെ ശ്രീകാന്ത് ഹാജരായി.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി


































