വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് ഇന്നേക്ക് രണ്ടാണ്ട്. കേരളക്കരയെ പിടിച്ചുകുലുക്കി, ഒരു ദുഃസ്വപ്‌നം പോലെ കടന്നെത്തി ജീവിതങ്ങളെ തകർത്തെറിഞ്ഞ ഉരുൾ… ഇന്നും ഒരു തീരാനോവാണ്. നെഞ്ചുലയ്‌ക്കുന്ന ദുരന്തരംഗങ്ങളും മുഖങ്ങളുമൊന്നും മലയാളിക്ക് ഒരിക്കലും മറക്കാനാവില്ല.
298 പേരാണ് ദുരന്തത്തിൽ മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. കാണാതായ 32 പേരെ കൂടി പിന്നീട് മരിച്ചതായി സർക്കാർ പ്രഖ്യാപിക്കുകയായിരുന്നു. പുഞ്ചിരിമട്ടത്ത് നിന്ന് പൊട്ടിയിറങ്ങി മുണ്ടക്കൈയിലും ചൂരൽമലയിലും ആഞ്ഞടിച്ച ഉരുൾ നിമിഷനേരം കൊണ്ട് ഇല്ലാതാക്കിയത് നിരവധിപ്പേരുടെ ജീവനും ജീവിതവും പ്രതീക്ഷകളുമാണ്.
ആ മഹാദുരന്തത്തിനിപ്പുറം നിശ്‌ചലമാണ് പുഞ്ചിരിമട്ടവും മുണ്ടക്കൈയും. പഴയ ഗ്രാമങ്ങളെ അടയാളപ്പെടുത്തുന്നതെന്നും ഇന്നിവിടെ ഇല്ല. ഒരു ഗ്രാമം മുഴുവൻ പാടേ മാഞ്ഞുപോയി. തകർന്ന കെട്ടിടങ്ങളും ആളൊഴിഞ്ഞുപോയ വീടുകളും ദുരന്തത്തിന്റെ ഓർമകളുണർത്തി അവശേഷിക്കുന്നുണ്ട്. ഒരുരാത്രി കൊണ്ട് സ്വന്തം വീടും നാടും വിലാസവും ജീവനും നഷ്‌ടപ്പെട്ട മനുഷ്യരുടെ നിശബ്‌ദമായ ഓർമകൾ പേറുകയാണ് ഇന്നീ ദുരന്തഭൂമി.
ചൂരൽമലയിലും നാട്ടുകാരില്ല. എന്നാൽ, വിനോദസഞ്ചാരികൾ എത്തുന്നതിനാൽ ചൂരൽമല അതിജീവനത്തിന്റെ പാതയിലാണ്. ദുരന്തത്തിൽ പൊലിഞ്ഞ പ്രിയപ്പെട്ടവർക്ക് സ്‌മരണാഞ്‌ജലി അർപ്പിക്കാൻ പത്തുമലയിലെ ഹൃദയഭൂമിയിൽ പ്രിയപ്പെട്ടവർ സംഗമിക്കും. രാവിലെ ഏഴുമണിമുതൽ സർവമത പ്രാർഥനയും പുഷ്‌പാർച്ചനയും നടക്കും. പ്രാർഥനയ്‌ക്ക് ശേഷം കൃഷിമന്ത്രി ടി. സിദ്ദിഖ് അനുസ്‌മരണ പ്രഭാഷണം നടത്തും.
ടൗൺഷിപ്പ് തുടർനിർമാണ പ്രവൃത്തികൾ ഇഴയുന്നു
ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിക്കുന്നതിനുള്ള ടൗൺഷിപ്പിന്റെ തുടർനിർമാണ പ്രവൃത്തികൾ ഇഴയുന്നു. ആദ്യഘട്ടമായി കഴിഞ്ഞ മാർച്ചിൽ 178 വീടുകളാണ് കൈമാറിയത്. 410 വീടുകൾ ടൗൺഷിപ്പിൽ നിർമിക്കാനാണ് ധാരണ. നിലവിലെ ഗുണഭോക്‌തൃ ലിസ്‌റ്റിൽ വീടുവേണ്ട 327 കുടുംബങ്ങളാണ് ഉള്ളത്. ഗുണഭോക്‌തൃ ലിസ്‌റ്റ് അന്തിമമാക്കിയിട്ടില്ല.
എങ്കിൽത്തന്നെയും നിലവിൽ ലിസ്‌റ്റിലുള്ള 149 കുടുംബങ്ങൾക്ക് ഇനിയും വീടുകൾ കൈമാറേണ്ടതുണ്ട്. വീടുകളും അങ്കണവാടികളും കമ്യൂണിറ്റി സെന്ററും മാർക്കറ്റും ഉൾപ്പെടുന്ന അനുബന്ധ സ്‌ഥാപനങ്ങളുടെ അടക്കം പണി ഒക്‌ടോബറിൽ തന്നെ പൂർത്തീകരിക്കുമെന്നാണ് അവകാശപ്പെടുന്നതെങ്കിലും അതനുസരിച്ചുള്ള വേഗത്തിലല്ല നിർമാണം പുരോഗമിക്കുന്നത്.
ഒക്‌ടോബർ പത്തിനകം അവശേഷിക്കുന്ന 149 ഗുണഭോക്‌തൃ കുടുംബങ്ങൾക്കുള്ള വീടുകൾ ഉൾപ്പടെ 157 എണ്ണം പൂർത്തീകരിക്കാമെന്നാണ് ചീഫ് ഓപ്പറേറ്റീവ് ഓഫീസർ ഇടി. രാകേഷ് പറയുന്നത്. റോഡുകളും അനുബന്ധ കെട്ടിടങ്ങളും ഉൾപ്പടെ മറ്റു പ്രവൃത്തികൾ ഡിസംബർ 31നകവും പൂർത്തീകരിക്കാനാവും. സ്‌കൂൾ, ആശുപത്രി എന്നിവയുടെ നിർമാണത്തിനുള്ള ഭൂമി കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.
Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി





































