കോഴിക്കോട്: ജില്ലയിലെ മലയോര മേഖലയിൽ ഉൾപ്പടെ അതിതീവ്ര മഴ തുടരുന്നു. കോടഞ്ചേരി പഞ്ചായത്തിലെ പ്രധാന പുഴകളായ ചാലിപ്പുഴയിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയരുന്നത് ആശങ്കയുയർത്തുന്നു. ചാലിപ്പുഴ കവിഞ്ഞൊഴുകിയതോടെ ചെമ്പുകടവിലെ പഴയ പാലത്തിന് മുകളിൽ വെള്ളം കയറി.
മേഖലയിൽ ശക്തമായി തുടരുന്നതിനാൽ പുഴയോരങ്ങളിൽ താമസിക്കുന്നവരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ, കട്ടിപ്പാറ മേഖലകളിലും മഴ ശക്തമാണ്. കക്കയം ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലും ആശങ്ക ഉയർത്തി മഴ തുടരുകയാണ്.
ശക്തമായ മഴയെ തുടർന്ന് കോഴിക്കോട്-വയനാട് ദേശീയപാതയിൽ ഈങ്ങാപ്പുഴ ഭാഗത്തെ ഗതാഗതം പൂർണമായും നിലച്ചു. പ്രദേശത്ത് മഴ തുടരുന്നതിനാൽ ജലനിരപ്പ് ഉയരുകയും റോഡിലൂടെ സുരക്ഷിതമായി യാത്ര ചെയ്യാനാകാത്ത സാഹചര്യവുമാണ്. അതിനാൽ ഈ ഭാഗത്തേക്കുള്ള യാത്രകൾ അതീവ ജാഗ്രതയോടെയോ പരമാവധി ഒഴിവാക്കിയോ ക്രമീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
വയനാട് ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കൈതപ്പൊയിൽ- നോളജ് സിറ്റി- കോടഞ്ചേരി വഴിയാണ് നിലവിൽ തിരിച്ചുവിടുന്നത്. അതേസമയം, കോഴിക്കോട് ഭാഗത്തുനിന്ന് വയനാട്ടിലേക്ക് പോകുന്ന വാഹനങ്ങൾ താമരശ്ശേരി- കൂടത്തായി- മൈക്കാവ്-കോടഞ്ചേരി വഴിയുള്ള ബദൽ പാത ഉപയോഗിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
താമരശ്ശേരി ചുരത്തിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ പെയ്യുന്നതിനാൽ റോഡിലേക്കും താഴ്വരയിലേക്കും കല്ലുകളും മരങ്ങളും പതിക്കാൻ വലിയ സാധ്യതയുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് ചുരത്തിലെ അനാവശ്യ പാർക്കിങ്ങുകൾ ഡ്രൈവർമാർ പൂർണമായും ഒഴിവാക്കണമെന്ന് അധികൃതരും സന്നദ്ധ പ്രവർത്തകരും അഭ്യർഥിച്ചു.
താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. വയനാട് ജില്ലയിൽ നിന്നും കോഴിക്കോട്ടേക്കും തിരിച്ചുമുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കാനാണ് നിർദ്ദേശം. ചുരത്തിലൂടെ നിലവിൽ അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. ഭാരവാഹനങ്ങൾക്കും വിനോദസഞ്ചാരികൾക്കും നിയന്ത്രണം ഉണ്ടാകും.
Most Read| രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറച്ചു



































