ന്യൂഡെൽഹി: പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള പൊതുപരീക്ഷാ ഭേദഗതി ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം. ബിൽ ഇതോടെ നിയമമായി. ലോക്‌സഭയിലും രാജ്യസഭയിലും ശബ്‌ദവോട്ടോടെയാണ് ബില്ല് പാസായത്. പരീക്ഷാ ക്രമക്കേടുകളിൽ അന്വേഷണങ്ങൾ വേഗത്തിലാക്കുകയും സമയബന്ധിത വിചാരണ ഉറപ്പാക്കുകയുമാണ് നിയമത്തിന്റെ ലക്ഷ്യം.
അന്യായമാർഗങ്ങൾ സംബന്ധിച്ച കുറ്റത്തിന് നിലവിൽ മൂന്നുമുതൽ അഞ്ചുവർഷം വരെയാണ് തടവുശിക്ഷ. പൊതുപരീക്ഷാ (അന്യായ മാർഗങ്ങളുടെ തടയൽ) ഭേദഗതി ബിൽ പ്രകാരം, ഇത് അഞ്ചുവർഷം മുതൽ പത്തുവർഷം വരെയായി ഉയർത്തും. പിഴ പത്തുലക്ഷം രൂപയിൽ നിന്ന് 50 ലക്ഷം രൂപയാക്കും.
പരീക്ഷാ നടത്തിപ്പിന്റെ സേവനദാതാക്കൾ നടത്തുന്ന ഗുരുതര ക്രമക്കേടുകൾക്കുള്ള പിഴ ഒരുകോടി രൂപയിൽ നിന്ന് അഞ്ചുകോടി രൂപയാക്കും. ഇത്തരം സ്‌ഥാപനങ്ങൾക്ക് പൊതുപരീക്ഷകളുടെ ചുമതലയിൽ നിന്നുള്ള വിലക്കിന്റെ കാലാവധി നാലിൽ നിന്ന് എട്ടുവർഷമായി ഉയർത്തും. അന്വേഷണം രണ്ടുമാസത്തിനകം പൂർത്തിയാക്കണം.
പരീക്ഷാ ക്രമക്കേടുകൾ നടത്തുന്നവർക്ക് നിലവിലെ മൂന്നുവർഷത്തെ തടവ് അഞ്ചുവർഷമായും ഒരുകോടി രൂപ പിഴ അഞ്ചുകോടി രൂപയായും ഉയർത്തും. സംഘടിത കുറ്റകൃത്യങ്ങൾക്ക് പരമാവധി തടവ് അഞ്ചുവർഷത്തിൽ നിന്ന് ഏഴുവർഷമായും പിഴ ഒരുകോടിയിൽ നിന്ന് പത്തുകോടിയായും ഉയർത്തും.
Most Read| ഒളവണ്ണ ടോൾ പ്ളാസയിൽ മൂന്നാംതവണയും നിരക്ക് വർധിപ്പിച്ചു



































