തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ അധ്യാപക തസ്‌തികകളിലേക്കുള്ള പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി ആറുമാസം കൂടി ദീർഘിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ. സെപ്‌തംബർ, ഒക്‌ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന അധ്യാപക റാങ്ക് ലിസ്‌റ്റുകളാണ് ആറുമാസത്തേക്ക് കൂടി കൂട്ടാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രൈമറി മുതൽ എച്ച്എസ്എസ്‌ടി വരെയുള്ള 18 റാങ്ക് പട്ടികകൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുകയെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. വഴി തടഞ്ഞ സംഭവത്തിൽ പോലീസ് കസ്‌റ്റഡിയിലുള്ള ചേന്തി അനിലിനെ വ്യക്‌തിപരമായി പരിചയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിപാടിയുടെ സംഘാടകന് ക്രിമിനൽ പശ്‌ചാത്തലം ഉണ്ടെന്ന പോലീസ് റിപ്പോർട്ടിനെ തുടർന്നാണ് ആ പരിപാടി ഉപേക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ഒരാഴ്‌ച മുന്നേ തന്നെ സംഘാടകരെ അറിയിച്ചിരുന്നു. ചെമ്പഴന്തിയിലേക്ക് പോകുന്ന വഴി ഇയാൾ വാഹനം തടയുകയും വളരെ മോശമായി സംസാരിക്കുകയും ചെയ്‌തിരുന്നു. അവിടെയൊരു സംഘർഷം ഒഴിവാക്കാനാണ് താൻ തിരികെ വാഹനത്തിൽ കയറിയതെന്നും, പോലീസ് സ്വമേധയാ ആണ് ഇതിൽ കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
സംസ്‌ഥാനത്ത് ലഹരിമരുന്നുകൾക്ക് എതിരായ ഓപ്പറേഷൻ തൂഫാൻ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെട്ടിക്കിടക്കുന്ന കേസുകളുടെ വിചാരണ വേഗത്തിലാക്കാൻ പാലക്കാട്, മഞ്ചേരി, തൃശൂർ എന്നിവിടങ്ങളിലാണ് പുതിയ എൻഡിപിഎസ് കോടതികൾ അനുവദിച്ചിരിക്കുന്നത്.
ഇവിടെ 11 പേരെ വീതം പുതുതായി നിയമിക്കും. ഇതുവഴി ആകെ 33 പുതിയ തസ്‌തികകൾ സൃഷ്‌ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. അതേസമയം, കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്‌താവനയോട് യാതൊരു യോജിപ്പും ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് പുരോഗമന കേരളത്തിന് നിരക്കുന്ന ഒന്നല്ലെന്നും 19ആം നൂറ്റാണ്ടിലോ മറ്റോ പറയേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി





































