ചേന്തി അനിൽ റൗഡി ലിസ്‌റ്റിലുള്ളയാൾ; സസ്‌പെൻഡ് ചെയ്‌ത്‌ കോൺഗ്രസ്

അതേസമയം, ചേന്തിയിലെ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നത് ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണെന്ന് വ്യക്‌തമാക്കി ആരോഗ്യമന്ത്രി കെ. മുരളീധരൻ രംഗത്തെത്തി.

By Senior Reporter, Malabar News
Chenthi Anil
ചേന്തി അനിൽ

തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രി വിഡി സതീശന്റെ വാഹനം തടയുകയും അപമര്യാദയായി പെരുമാറുകയും ചെയ്‌ത സംഭവത്തിൽ അറസ്‌റ്റിലായ കോൺഗ്രസ് നേതാവും ഡിസിസി അംഗവുമായ ചേന്തി അനിലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്‌തു.

തിരുവനന്തപുരം ഡിസിസി പ്രസിഡണ്ട് എൻ ശക്‌തനാണ് സസ്‌പെൻഷൻ നടപടി പ്രഖ്യാപിച്ചത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ നിർദ്ദേശ പ്രകാരമായിരുന്നു നടപടി. സംഭവത്തിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ശ്രീകാര്യം പോലീസ് ചേന്തി അനിലിനെ അറസ്‌റ്റ് ചെയ്‌തിരുന്നു.

ഇന്നലെ വൈകീട്ട് ആറുമണിയോടെ ആയിരുന്നു സംഭവം. ചേന്തിയിൽ സംഘടിപ്പിച്ച ശ്രീനാരായണഗുരു ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാതെ ചെമ്പഴന്തിയിലെ സമ്മേളനത്തിലേക്ക് പോവുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനം അനിലിന്റെ നേതൃത്വത്തിലുള്ള സംഘം തടയുകയായിരുന്നു.

ചേന്തിയിലെ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് പറഞ്ഞ് ഇവർ ഫ്‌ളക്‌സ് ബോർഡുകൾ വെച്ച് പ്രചാരണം നടത്തിയിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഷെഡ്യൂളിൽ ഈ പരിപാടി ഉണ്ടായിരുന്നില്ല. വഴിമധ്യേ കാർ തടഞ്ഞുനിർത്തി മോശമായി പെരുമാറിയതോടെ മുഖ്യമന്ത്രി വാഹനത്തിൽ നിന്നിറങ്ങുകയും പ്രവർത്തകരോട് രോഷാകുലനാവുകയും ചെയ്‌തു. ഇതോടെ സുരക്ഷാ ഉദ്യോഗസ്‌ഥർ ഇടപെട്ട് പ്രവർത്തകരെ മാറ്റുകയായിരുന്നു.

അന്യായമായി തടഞ്ഞുനിർത്തൽ, ഭീഷണിപ്പെടുത്തൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് അനിലിനെതിരെ ചുമത്തിയത്. വഞ്ചിയൂർ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ അനിൽ പോലീസ് റൗഡി ലിസ്‌റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളാണെന്ന് പരാമർശമുണ്ട്. ഇയാൾക്കെതിരെ ശ്രീകാര്യം, തുമ്പ, മെഡിക്കൽ കോളേജ് പോലീസ് സ്‌റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

മുൻപ് തിരുവനന്തപുരത്തെ ഗുണ്ടാ നേതാക്കളായ പുത്തൻപാലം രാജേഷ്, ഓംപ്രകാശ് എന്നിവരുമായി അനിൽ സ്വന്തം വീട്ടിൽ വെച്ച് കൂടിക്കാഴ്‌ച നടത്തിയതും വലിയ വിവാദമായിരുന്നു. അതേസമയം, ചേന്തിയിലെ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നത് ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണെന്ന് വ്യക്‌തമാക്കി ആരോഗ്യമന്ത്രി കെ. മുരളീധരൻ രംഗത്തെത്തി.

താനും പരിപാടിയിൽ പങ്കെടുക്കേണ്ടത് ആയിരുന്നു. എന്നാൽ, മുഖ്യമന്ത്രി എത്താത്തതിനാൽ യോഗം റദ്ദാക്കിയെന്ന് സംഘാടകർ അറിയിച്ചതിനാണ് പോകാതിരുന്നതെന്നും മുരളീധരൻ പറഞ്ഞു. പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കില്ലെന്ന് ഉച്ചയ്‌ക്ക് തന്നെ അറിഞ്ഞിരുന്നു. മുഖ്യമന്ത്രിയെ വഴിയിൽ തടയുകയും അപമര്യാദയായി പെരുമാറുകയും ചെയ്‌താൽ പോലീസ് നടപടി ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ചേന്തിയിലെ പരിപാടി മുഖ്യമന്ത്രിയുടെ ലിസ്‌റ്റിൽ ഉണ്ടായിരുന്നില്ലെന്നും ഇക്കാര്യം സംഘാടകരെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സമാനമായി പലയിടത്തും അനുമതിയില്ലാതെ മുഖ്യമന്ത്രിയുടെ പേര് ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കോഴിക്കോട് ഒരു പരിപാടിയിൽ മുഖ്യമന്ത്രിയുടെ ചിത്രം വെച്ച് പണപ്പിരിവ് നടത്തുന്നതായി വിവരം കിട്ടി. അതേക്കുറിച്ചു അന്വേഷണം ഉണ്ടാകുമെന്നും ഓഫീസ് അറിയിച്ചു.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE