ചെന്നൈ: തമിഴ്നാട് തേനി ജില്ലാ ജയിലിൽ നിന്ന് 17 തടവുകാർ ജയിൽ ചാടി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരെ ആക്രമിച്ച ശേഷമാണ് പ്രതികൾ കൂട്ടത്തോടെ രക്ഷപ്പെട്ടത്. മൂന്നുപേർക്ക് പരിക്കേറ്റതായാണ് വിവരം. ആണ്ടിപ്പട്ടിക്ക് സമീപം തെക്കംപാട്ടയിലുള്ള ജില്ലാ ജയിലിൽ നിന്നാണ് ക്രിമിനൽ കേസ് പ്രതികൾ ചാടിപ്പോയത്.
ചെക്ക്പോസ്റ്റുകളിൽ വാഹനപരിശോധന അടക്കം ശക്തമാക്കിയിട്ടുണ്ട്. പ്രതികൾ പാലക്കാട്, ഇടുക്കി അതിർത്തികൾ വഴി കേരളത്തിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇവരെ പിടികൂടുന്നതിനായി തമിഴ്നാട് പോലീസ് അതിർത്തി കേന്ദ്രീകരിച്ച് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി വൈകി തടവുകാർ നടത്തിയ അപസ്മാര നാടകമാണ് ജയിൽചാട്ടത്തിന് വഴിയൊരുക്കിയത്. ഒരേ സെല്ലിൽ കഴിയുകയായിരുന്ന തടവുകാരിൽ ഒരാൾക്ക് കഠിനമായ അസുഖമാണെന്ന് തടവുകാർ നിലവിളിച്ചതോടെയാണ് അധികൃതർ എത്തിയത്. വൈദ്യസഹായം നൽകാനായി ജീവനക്കാർ വാതിൽ തുറന്ന നിമിഷം, ഉള്ളിലുണ്ടായിരുന്നവർ ഒന്നടങ്കം ജീവനക്കാരെ ക്രൂരമായി ആക്രമിച്ച് കീഴടക്കുകയും ഇരുട്ടിന്റെ മറവിലൂടെ പുറത്തേക്കോടി രക്ഷപ്പെടുകയുമായിരുന്നു.
തടവുകാരുടെ പെട്ടെന്നുള്ള ആക്രമണത്തിൽ മൂന്ന് ജയിൽ ജീവനക്കാർക്ക് പരിക്കേറ്റു. ഇതിൽ ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ ഗ്രേഡ് II പോലീസ് കോൺസ്റ്റബിൾ തങ്കപാണ്ഡിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു രണ്ട് ഉദ്യോഗസ്ഥർക്ക് നിസാര പരിക്കുകളേറ്റു. രക്ഷപ്പെട്ട തടവുകാരെ പിടികൂടാനായി 17 പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചു.
വിവിധ ജില്ലകളെ നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിൽ ജയിൽ ചാടിയവരിൽ നാലുപേരെ പോലീസ് പിടികൂടി. ഇതിൽ മധുര സ്വദേശിയായ ഒരു തടവുകാരനെ ജയിലിന് തൊട്ടുപിന്നിലെ കാടുമൂടിയ മേഖലയിൽ ഒളിച്ചിരിക്കവെയാണ് പോലീസ് പിടികൂടിയത്. രക്ഷപ്പെട്ട വിചാരണാ തടവുകാരുടെ ചിത്രങ്ങളും വിവരങ്ങളും തേനി ജില്ലാ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്ക്ക്




































