തിരുവനന്തപുരം: ശ്രീകാര്യത്ത് 17കാരനെ കൊലപ്പെടുത്തി മൃതദേഹം കഷ്‌ണങ്ങളാക്കി ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെൺസുഹൃത്തിനെയും പ്രായപൂർത്തിയാകാത്ത മറ്റൊരാളെയും കസ്‌റ്റഡിയിലെടുത്തു. മൃതദേഹം ഒളിപ്പിക്കാൻ ഇവർ വിളിച്ചുവരുത്തിയ, ക്രിമിനൽ പശ്‌ചാത്തലമുള്ള ഉമർ എന്നയാളെയും പിടികൂടിയിട്ടുണ്ട്.
കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗർ സ്വദേശി എംഡി അഭിറാമാണ് കൊല്ലപ്പെട്ടത്. പെൺസുഹൃത്തിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. തങ്ങൾ കൊലപ്പെടുത്താൻ തീരുമാനിച്ചിരുന്നത് അഭിറാമിന്റെ സുഹൃത്തിനെ ആയിരുന്നുവെന്നാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്.
അഭിറാമിന്റെ ഈ സുഹൃത്ത് പെൺകുട്ടിയുടെ ആദ്യ കാമുകനായിരുന്നു. ഈ കാമുകനെ വിളിച്ചുവരുത്താൻ ഒന്നാം പ്രതിയും സുഹൃത്തും അഭിറാമിനെ നിർബന്ധിച്ചു. ഇതിന് അഭിറാം തയ്യാറാകാത്തതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് അറസ്‌റ്റിലായവർ മൊഴി നൽകിയിരിക്കുന്നത്. ഒന്നാംപ്രതി കഴുത്തിൽ ബെൽറ്റ് അമർത്തി കൊലപ്പെടുത്തിയെന്നും മൊഴിയുണ്ട്.
പെൺകുട്ടിയുടെ ആദ്യ കാമുകനെയും കൂട്ടി വരാനായിരുന്നു പ്രതികൾ അഭിറാമിനോട് നിർദേശിച്ചിരുന്നത്. പക്ഷേ, അഭിറാം ഒറ്റയ്‌ക്ക് പോവുകയായിരുന്നു. സ്‌ഥലത്ത് എത്തിയ അഭിറാമിനോട് സുഹൃത്തിനെ വിളിച്ചുവരുത്താൻ ആവശ്യപ്പെട്ടു. എന്നാൽ, അഭിറാം അതിന് വഴങ്ങിയില്ല. ഇതോടെ വാക്കുതർക്കം ഉണ്ടാവുകയും അഭിറാമിനെ പ്രതികൾ ക്രൂരമായി കൊലപ്പെടുത്തുകയും ആയിരുന്നു.
അതിക്രൂരമായ കൊലപാതകമാണ് 21ഉം 17ഉം വയസുള്ള പ്രതികൾ നടത്തിയത്. ബെൽറ്റ് ഉപയോഗിച്ച് കഴുത്തുമുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് മൊഴി. ആദ്യം കെട്ടിയിട്ടോ കൈകാലുകൾ ബന്ധിച്ചോ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടാകാമെന്നും കരുതുന്നു. അഭിറാമിന്റെ മുഖത്തും ശരീരത്തിലും മർദ്ദനമേറ്റ പാടുകളുണ്ട്.
മരിച്ചെന്ന് മനസിലായതോടെ ചാക്കുകൊണ്ട് പകുതി മറച്ച് ഉണങ്ങിയ വാഴയിലകൾ കൊണ്ട് മൃതദേഹം മൂടിയിട്ട ശേഷം പ്രതികൾ വീടുകളിലേക്ക് പോവുകയായിരുന്നു. തുടർന്നാണ് മൃതദേഹം മറവ് ചെയ്യാൻ ക്രിമിനൽ പശ്‌ചാത്തലമുള്ള ഉമർ എന്നയാളെ പ്രതികൾ വിളിച്ചുവരുത്തിയത്.
ഞായറാഴ്‌ച കാണാതായ പ്ളസ് വൺ വിദ്യാർഥി എംഡി. അഭിറാമിന്റെ മൃതദേഹമാണ് ചാക്കിൽ കെട്ടിയ നിലയിൽ ശ്രീകാര്യം പാങ്ങപ്പാറ കമുകിൻകോട് ക്ഷേത്രത്തിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ നിന്ന് ഇന്നലെ വൈകീട്ട് കണ്ടെത്തിയത്. പാങ്ങപ്പാറ ഭഗത്‌സിങ് നഗറിൽ പുതുവൽ പുത്തൻവീട്ടിൽ മധുകുമാറിന്റെയും ധർമജയുടെയും മകനാണ്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം





































