കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് ഇന്ന് തുറക്കും. വിദ്യാർഥി സംഘർഷത്തെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്‌ച മുതൽ കോളേജ് അടച്ചിട്ടിരിക്കുകയാണ്. വിദ്യാർഥി സംഘടനകളുമായുള്ള യോഗത്തിലാണ് ക്‌ളാസുകൾ വീണ്ടും ഇന്ന് മുതൽ തുടങ്ങാൻ തീരുമാനിച്ചത്. അതേസമയം, ക്യാമ്പസിലെ പോലീസ് സംരക്ഷണം തുടരും. വൈകിട്ട് ആറുമണിക്ക് ശേഷം ആരെയും ക്യാമ്പസിൽ തുടരാൻ അനുവദിക്കില്ല.
സംഘർഷം ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ നിർദ്ദേശിക്കാനും ക്യാമ്പസിൽ അച്ചടക്കം ഉറപ്പു വരുത്താനും സമിതിയെ നിയോഗിക്കാനും വിദ്യാർഥി സംഘടനകളുടെ പ്രതിനിധികളുടെ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. ക്യാമ്പസിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സംഘർഷങ്ങളിൽ മൂന്ന് വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. എസ്എഫ്ഐ, കെഎസ്‌യു, ഫ്രറ്റേണിറ്റി സംഘടനകളിൽപ്പെട്ടവർക്കാണ് പരിക്ക്.
കോളേജിൽ ഒരു വിദ്യാർഥിക്ക് കുത്തേൽക്കുകയും അധ്യാപകന് നേരെ ആക്രമണം ഉണ്ടാവുകയും ചെയ്‌തിരുന്നു. കഴിഞ്ഞ ദിവസം അർധരാത്രിയിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്‌ദുൽ റഹ്‌മാന് കുത്തേറ്റിരുന്നു. കോളേജിലെ മൂന്നാം വർഷ ചരിത്ര വിദ്യാർഥിയും കാസർഗോഡ് മഞ്ചേശ്വരം സ്വദേശിയുമാണ് കുത്തേറ്റ അബ്‌ദുൽ റഹ്‌മാൻ. കത്തിക്കുത്തുമായി ബന്ധപ്പെട്ട് 15 പേർക്കെതിരെ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിട്ടുണ്ട്.
കെഎസ്‌യു- ഫ്രറ്റേണിറ്റി പ്രവർത്തകർക്ക് എതിരേയാണ് കേസ്. അതിനിടെ, എറണാകുളം മഹാരാജാസ് കോളേജിലെ സംഘർഷങ്ങൾക്ക് പിന്നാലെ പ്രിൻസിപ്പൽ ഡോ. വിഎസ് ജോയിയെ സ്‌ഥലം മാറ്റിയിരുന്നു. പട്ടാമ്പി ശ്രീനീലകണ്‌ഠ സർക്കാർ സംസ്‌കൃത കോളേജിലേക്കാണ് സ്‌ഥലം മാറ്റിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ക്യാമ്പസിൽ നിലനിൽക്കുന്ന സംഘർഷാവസ്‌ഥയുടെ പശ്‌ചാത്തലത്തിൽ കോളേജ് അനിശ്‌ചിത കാലത്തേക്ക് അടച്ചതിന് പിന്നാലെയാണ് പ്രിൻസിപ്പലിനെ മാറ്റിയത്.
Most Read| കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്‌റ്റേഡിയം; രൂപരേഖ സർക്കാരിന് സമർപ്പിച്ചു