തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വീണ്ടും ആക്രമണം? യുദ്ധം യൂറോപ്പിലേക്ക് വ്യാപിക്കുമെന്ന് ഇറാൻ

ആക്രമണങ്ങളുടെ മുന്നൊരുക്കങ്ങൾക്കായി ശനിയാഴ്‌ച യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ചർച്ച നടത്തിയതായാണ് റിപ്പോർട്. ചർച്ച നടത്തിയത് ട്രംപ് സ്‌ഥിരീകരിച്ചിട്ടുമുണ്ട്.

By Senior Reporter, Malabar News
Iran-US Nuclear Talk
Rep. Image

വാഷിങ്ടൻ: പശ്‌ചിമേഷ്യയിൽ സംഘർഷ സാധ്യത കൂട്ടി കപ്പലുകൾക്ക് നേരെ ആക്രമണം. സൗദി തീരത്തിന് സമീപം അറേബ്യൻ ഉൾക്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന എണ്ണ ടാങ്കർ കപ്പലിന് നേരെ ആക്രമണം ഉണ്ടായതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ അറിയിച്ചു.

സൗദി അറേബ്യൻ തീരദേശ നഗരമായ റാസ്‌ അൽഖഫ്‌ജിയുടെ കിഴക്ക് ഏകദേശം 72 നോട്ടിക്ക് മൈൽ അകലെ വെച്ചാണ് കപ്പലിന്റെ ഇടതുവശത്ത് അജ്‌ഞാതമായ രണ്ട് പ്രൊജക്റ്റൈലുകൾ പതിച്ചത്. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും പരിസ്‌ഥിതിക്ക് മറ്റു ആഘാതങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും അധികൃതർ വ്യക്‌തമാക്കി.

തങ്ങൾ അനുവദിക്കാത്ത അനധികൃത പാതയിലൂടെ കടന്നുപോകുന്നതിനിടെ മൈനുകളിൽ ഇടിച്ചാണ് രണ്ട് എണ്ണ ടാങ്കറുകളിൽ സ്‌ഫോടനം ഉണ്ടായതെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ് നേവി അറിയിച്ചു. നിയന്ത്രണം ലംഘിച്ച് സഞ്ചരിച്ചതാണ് കൂട്ടിയിടിക്കലിനും സ്‌ഫോടനത്തിനും കാരണമായതെന്നാണ് ഇറാന്റെ വിശദീകരണം.

ഹോർമുസ് കടലിടുക്ക് തുറക്കാൻ ദ്വിദിന പദ്ധതിയുമായി ഇറാൻ

അമേരിക്കയുമായുള്ള തർക്കങ്ങൾക്കിടയിൽ ആഗോള ഊർജ പാതയായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഇറാൻ ദ്വിദിന പദ്ധതി മുന്നോട്ടുവെച്ചു. ഖത്തറിന്റെ മധ്യസ്‌ഥതയിൽ നടന്ന ചർച്ചകളിലാണ് ഈ ധാരണ രൂപപ്പെട്ടതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗച്ചി അറിയിച്ചു.

മുൻപ് ആസൂത്രണം ചെയ്‌ത ഏഴുദിവസത്തെ പദ്ധതിയാണ് ഖത്തറുമായുള്ള ചർച്ചകൾക്ക് ശേഷം 48 മണിക്കൂർ ആയി ചുരുക്കിയത്. ആദ്യ ദിവസം ഇറാൻ ഹോർമുസ് കടലിടുക്ക് തുറന്ന് കപ്പൽ ഗതാഗതം സാധാരണ നിലയിലാക്കുമെന്നും അരാഗ്‌ചി വ്യക്‌തമാക്കി. അതിനിടെ, ഇറാൻ മുന്നോട്ടുവെച്ച പദ്ധതിയെ കുറിച്ച് അമേരിക്ക ഇതുവരെ പരസ്യമായി പ്രതികരിക്കുകയോ അംഗീകരിക്കുകയോ ചെയ്‌തിട്ടില്ല.

തിരഞ്ഞെടുപ്പിന് ശേഷം ഇറാൻ ആക്രമിക്കാൻ പദ്ധതി

നാളെ നടക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനെ ആക്രമിക്കാൻ യുഎസ്-ഇസ്രയേൽ പദ്ധതിയിടുന്നുണ്ടെന്ന് റിപ്പോർട്ടുകൾ. ആക്രമണങ്ങളുടെ മുന്നൊരുക്കങ്ങൾക്കായി ശനിയാഴ്‌ച യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ചർച്ച നടത്തിയതായും വിവരമുണ്ട്. ചർച്ച നടത്തിയത് ട്രംപ് സ്‌ഥിരീകരിച്ചിട്ടുമുണ്ട്.

എന്നാൽ, ആക്രമണത്തിന് പകരം നയതന്ത്ര മാർഗത്തിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന നിലപാടിലാണ് ട്രംപ്. ഖത്തറിന്റെ മധ്യസ്‌ഥതയിൽ ഇറാനും യുഎസും ചർച്ചകൾ തുടരുന്നുമുണ്ട്. അതേസമയം, ഇസ്രയേൽ-യുഎസ് ആക്രമണം ഉണ്ടായാൽ യുദ്ധം യൂറോപ്പിലേക്ക് വ്യാപിപ്പിക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തിയിട്ടുണ്ട്.

ഇനിയൊരു ആക്രമണം ഉണ്ടായാൽ ഇറാനിയൻ മിസൈലുകൾ യൂറോപ്പിലേക്ക് എത്തുമെന്ന് മുൻ വിദേശകാര്യമന്ത്രി മനോച്ചർ മുത്തകി പറഞ്ഞു. വീണ്ടും ആക്രമണം ഉണ്ടായാൽ പശ്‌ചിമേഷ്യയ്‌ക്ക് പുറത്തേക്ക് ആക്രമണം വ്യാപിപ്പിക്കണമെന്ന് ഇറാനിയൻ പരമോന്നത നേതാവ് മുജ്‌തബ ഖമനയി കഴിഞ്ഞ ദിവസം ഇറാൻ സൈന്യത്തിന് നിർദ്ദേശം നൽകിയിരുന്നു.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE