ലക്‌നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടിയുടെ (എസ്‌പി) സ്‌ഥാപകനുമായ മുലായം സിങ് യാദവ് (82) അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിൽസയിൽ തുടരവേയാണ് തിങ്കളാഴ്‌ച രാവിലെ അന്ത്യം സംഭവിച്ചത്.
മരണസമയത്ത് മുലായത്തിന്റെ മകനും നിലവിലെ പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് ആശുപത്രിയിൽ ഉണ്ടായിരുന്നു. ഒക്‌ടോബർ രണ്ടിന് ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. 82 കാരനായ മുലായത്തിന് ശ്വാസതടസവും മൂത്രാശയ അണുബാധയും ഉണ്ടായിരുന്നെന്നും മേദാന്ത ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന്‍ വിദഗ്‌ധന്റെ മേല്‍നോട്ടത്തിൽ ആയിരുന്നെന്നും പാർട്ടി നേതൃത്വം അറിയിച്ചു.
1989ല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയാണ് മുലായം സിങ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരത്തിലേറിയത്. അതിന് ശേഷം കോണ്‍ഗ്രസിന് ഉത്തര്‍പ്രദേശില്‍ അധികാരത്തിൽ എത്താൻ സാധിച്ചിട്ടില്ല. റാം മനോഹർ ലോഹ്യയുടെയും രാജ് നാരായണിന്റെയും ശിഷ്യനായാണ് രാഷ്‌ട്രീയ ജീവിതം ആരംഭിച്ചത്. വളർച്ചയുടെ ഒരു ഘട്ടത്തിലാണ് ഇദ്ദേഹം 1992ൽ സമാജ്‍വാദി പാർട്ടി രൂപീകരിച്ചത്. ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ നിന്നുള്ള ലോക്‌സഭാ അംഗം കൂടിയാണ് മുലായം.
1989 മുതല്‍ 2007 വരെ മൂന്ന് തവണകളായി മുലായം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി. 1996 ജൂണ്‍ മുതല്‍ 1998 മാര്‍ച്ച് വരെ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായും പ്രവര്‍ത്തിച്ചു. മൽതി ദേവിയും സാധന ഗുപ്‌തയുമായിരുന്നു ഭാര്യമാർ. മൽതി ദേവി 2003ലും സാധന ഗുപ്‌ത ഈ വർഷം ജൂലൈയിലുമാണ് അന്തരിച്ചത്.
Most Read: 5 വർഷമായി വയറ്റിൽ കത്രികയുമായി യുവതി