ന്യൂഡെൽഹി: ബിൽക്കീസ് ബാനോ കൂട്ടബലാൽസംഗ കേസിലെ പ്രതികൾ ഉടൻ കീഴടങ്ങണമെന്ന് സുപ്രീം കോടതിയുടെ കർശന നിർദ്ദേശം. പ്രതികൾ ഞായറാഴ്‌ച തന്നെ ജയിൽ അധികൃതർക്ക് മുന്നിൽ ഹാജരായി കീഴടങ്ങണമെന്നാണ് സുപ്രീം കോടതി നിർദ്ദേശം. കീഴടങ്ങാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ട് 11 പ്രതികൾ നൽകിയ ഹരജി കോടതി തള്ളി.
സമയം നീട്ടി നൽകണമെന്ന് പ്രതികളുടെ ആവശ്യം കഴമ്പില്ലാത്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി. അഞ്ചുമിനിറ്റ് കൊണ്ടാണ് ഹരജി തീർപ്പാക്കിയത്. ജസ്‌റ്റിസ് ബീവി നാഗരത്‌ന അധ്യക്ഷയായ ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്. ഇന്നലെയും ഹരജികൾ സുപ്രീം കോടതിയിൽ പരാമർശിച്ചിരുന്നു. കേസിലെ 11 പ്രതികളും രണ്ടാഴ്‌ചക്കകം ജയിലിൽ തിരികെ എത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.
ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനോ ഉൾപ്പടെ എട്ടു സ്‌ത്രീകളെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയതിനും കുഞ്ഞുങ്ങൾ ഉൾപ്പടെ 14 പേരെ കൊലപ്പെടുത്തിയതിനു ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിച്ച ഗുജറാത്ത് സർക്കാർ നടപടി ജനുവരി എട്ടിനാണ് സുപ്രീം കോടതി റദ്ദാക്കിയത്. ഇതോടെയാണ് മുഴുവൻ പ്രതികളോടും ജയിലിൽ എത്താൻ കോടതി നിർദ്ദേശിച്ചത്.
Most Read| മകളുടെ ഓർമയ്‌ക്ക്; ഏഴുകോടിയോളം വിലയുള്ള ഭൂമി സർക്കാരിന് വിട്ടുനൽകി ഒരമ്മ