ഗുജറാത്ത് തിരഞ്ഞെടുപ്പ് ഡിസംബർ ഒന്നിനും അഞ്ചിനും; ഫെബ്രുവരി 20ന് മുൻപ് പുതിയ സർക്കാർ

By Central Desk, Malabar News
Gujarat elections on December 1 and 5; New government before February 20
Rep. Image
Ajwa Travels

അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ഡിസംബർ ഒന്നിനും അഞ്ചിനുമായി രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ഹിമാചൽ പ്രദേശിനൊപ്പം ഗുജറാത്തിലെയും വോട്ടെണ്ണൽ ഡിസംബർ എട്ടിന് നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷണർ അനുപ് ചന്ദ്ര പാണ്ഡെയും വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

നവംബർ അഞ്ച്, പത്ത് തീയതികളിൽ തിരഞ്ഞെടുപ്പ് വിജ്‌ഞാപനം ഇറങ്ങും. ഒന്നാം ഘട്ടത്തിൽ നവംബർ 14 വരെയും രണ്ടാം ഘട്ടത്തിൽ 17 വരെയും പത്രിക സമർപ്പിക്കാം. സൂക്ഷ്‌മപരിശോധന 15, 18 തീയതികളിൽ നടക്കും 17, 21 തീയതികൾ വരെ പത്രിക പിൻവലിക്കാം. ഗുജറാത്തിൽ ആകെ 4.9 കോടി വോട്ടർമാരാണ് ഉള്ളത്. ഇതിൽ 3,24,422 പേർ പുതിയ വോട്ടർമാരാണ്. ആകെ 51,782 പോളിംഗ് സ്‌റ്റേഷനുകളുണ്ടാകും. ഇതിൽ 50% പോളിംഗ് സ്‌റ്റേഷനുകളിലെങ്കിലും വെബ്‌കാസ്‌റ്റ് സംവിധാനം ഉണ്ടായിരിക്കും. -തിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.

കഴിഞ്ഞ 27 വർഷമായി ബിജെപി സർക്കാരാണ് ഗുജറാത്ത് ഭരിക്കുന്നത്. ഇത്തവണയും അധികാരം നിലനിർത്താനുള്ള ശ്രമത്തിലാണ് ബിജെപി. അതേ സമയം ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനാണ് കോൺഗ്രസും എഎപിയും ശ്രമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതൃസംസ്‌ഥാനമായ ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് 135 പേർ മരിച്ച സംഭവം വൻ രാഷ്‌ട്രീയ വിവാദമായിരിക്കെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഗുജറാത്തിൽ 182 നിയമസഭാ സീറ്റുകളാണുള്ളത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 99 സീറ്റുകൾ ബിജെപിയും 77 സീറ്റുകൾ കോൺഗ്രസും ആറ് സീറ്റുകൾ മറ്റു കക്ഷികളുമാണ് നേടിയത്. തിരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസ് അംഗങ്ങളിൽ ചിലർ പലപ്പോഴായി ബിജെപിയിലേക്കു ചേക്കേറിയതോടെ നിലവിൽ ബിജെപിക്ക് 111 സീറ്റുകളാണ് ഉള്ളത്. കോൺഗ്രസിന് 62 സീറ്റുകളും മറ്റുള്ളവർക്ക് നാലു സീറ്റുകളുമുണ്ട്. അഞ്ച് സീറ്റുകൾ നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്.

ഡെൽഹിക്കൊപ്പം പഞ്ചാബിലും പിടിമുറുക്കിയ ആം ആദ്‌മി പാർട്ടി (എഎപി) ഗുജറാത്തിലും തരംഗം തീർക്കാൻ രംഗത്തുണ്ട്. ബിജെപിയെ വെട്ടിലാക്കുന്ന തീവ്ര ഹിന്ദുത്വ സമീപനങ്ങൾ പുറത്തെടുത്താണ് എഎപി ഇവിടെ ബിജെപിയെ പ്രതിരോധത്തിൽ ആക്കുന്നത്. ഒപ്പം സൗജന്യ വാഗ്‌ദാന പെരുമഴയും ഇറക്കിയാണ് എഎപിയുടെ കളി.

2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അടുത്തകാലത്തെ ഏറ്റവും മികച്ച തകർപ്പൻ പ്രപകടനം പുറത്തെടുത്താണ് കോൺഗ്രസ് 77 സീറ്റുകൾ പിടിച്ചടക്കിയത്. ഇത്തവണ രാജ്യമാകമാനം ഉയർന്നുവരുന്ന രാഹുൽ പ്രീതിയും പ്രതീക്ഷയും കോൺഗ്രസിന് കരുത്തുപകരും. ഒപ്പം പുതിയ ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അടവുകളും തന്ത്രങ്ങളും കൂട്ടുണ്ടാകും. മാറ്റത്തിന് വേണ്ടിയുള്ള യുവതയുടെ താൽപര്യവും കോൺഗ്രസിനെ അധികാരത്തിൽ തിരിച്ചെത്തിക്കുമെന്നാണ് രാഷ്‌ട്രീയ വിലയിരുത്തൽ. 2023 ഫെബ്രുവരി 18 വരെയാണ് നിലവിലെ ഗുജറാത്ത് നിയമസഭയുടെ കാലാവധി.

Most Read: ശ്രീരാമന്റെ ആദര്‍ശങ്ങള്‍ പിന്തുടൽ ഇന്ത്യക്കാരുടെ കടമ;’ അയോധ്യയില്‍ നരേന്ദ്രമോദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE