തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമായി. വിവിധ ജില്ലകളിൽ 64.5 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിച്ചേക്കാം. മഴയ്ക്കൊപ്പം മിന്നലിനും മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ ഒമ്പതാം തീയതിവരെ മൽസ്യബന്ധനം നിരോധിച്ചു.
ഇന്ന് കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലും നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും തുടരും.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സാങ്കേതിക സർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കനത്തമഴയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ പൊൻമുടി ഇക്കോ ടൂറിസത്തിലേക്കുള്ള പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചതായി വനംവകുപ്പ് അറിയിച്ചു. അതേസമയം, വയനാട് ജില്ലയിലെ ക്വാറികളുടെ പ്രവർത്തനത്തിനും വിനോദ സഞ്ചാരത്തിനും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ, യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കത്തിനുള്ള നിയന്ത്രണം തുടരും.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു





































