കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ടി വീണയ്‌ക്കും മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുരുക്കായി സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മൊഴി. വീണയോ എക്‌സാലോജിക്കോ സേവനങ്ങളൊന്നും നൽകിയിട്ടില്ലെന്നും പിണറായി വിജയനോടുള്ള വ്യക്‌തിപരമായ അടുപ്പത്തിന്റെ പേരിലാണ് പണം നൽകിയതെന്നുമാണ് കർത്ത ഇഡിക്ക് നൽകിയ മൊഴി.
എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ശശിധരൻ കർത്ത 2024 ഏപ്രിൽ 17ന് നൽകിയ മൊഴിയാണ് പുറത്തുവന്നത്. 2017 മുതൽ 2020 വരെയുള്ള കാലഘട്ടത്തിലെ ഏകദേശം 2.78 കോടി രൂപയാണ് വീണയ്‌ക്കും എക്‌സാലോജിക്കിനുമായി സിഎംആർഎൽ നൽകിയത്. ഇല്ലാത്ത സേവനത്തിന്റെ പേരിലാണ് ഈ പണം കൈമാറിയതെന്ന് ഇഡി കണ്ടെത്തിയിരുന്നു.
സേവനങ്ങളൊന്നും നൽകിയിരുന്നില്ലെന്ന കാര്യം വീണ തന്നെ സമ്മതിച്ചിട്ടുണ്ടെന്ന കാര്യവും ഇഡി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. മുൻപ് ചോദ്യം ചെയ്‌തപ്പോൾ താൻ നേരിട്ട് ഗൈഡൻസ് നൽകുകയായിരുന്നു എന്ന് വീണ പറഞ്ഞിരുന്നെങ്കിലും ഇതിന് തെളിവായി ഇ-മെയിലുകളോ മറ്റു രേഖകളോ അവർക്ക് ഹാജരാക്കാൻ കഴിഞ്ഞിരുന്നില്ല.
വീണയ്‌ക്ക് പ്രതിമാസം അഞ്ചുലക്ഷം രൂപയും എക്‌സാലോജിക്കിന് മൂന്നുലക്ഷം രൂപയും എന്ന നിലയിലായിരുന്നു പണമിടപാട്. കൂടാതെ, ശശിധരൻ കർത്തയുടെതന്നെ ഉടമസ്‌ഥതയിലുള്ള മറ്റൊരു പണമിടപാട് സ്‌ഥാപനമായ എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്‌റ്റ്‌മെന്റ്സിൽ നിന്ന് 50 ലക്ഷം രൂപയുടെ ലോണും നൽകിയിരുന്നെന്നും മൊഴിയിൽ പറയുന്നു.
അന്വേഷണത്തിന്റെ ഭാഗമായി വീണയുടെ ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചിരുന്നു. കർത്തയുടെ മൊഴിക്ക് പിന്നാലെ വീണയെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കും. എക്‌സാലോജിക്ക് കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നില്ല.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം




































