ഇന്ത്യയിലെ ആദ്യ ഫ്‌ളെക്‌സ് ഹൈബ്രിഡ് ഇലക്‌ട്രിക് വാഹനമായ പുത്തൻ ഇന്നോവ ഹൈക്രോസ് പുറത്തിറക്കി ടൊയോട്ട കിർലോസ്‌കർ മോട്ടോർ. സ്വയം ചാർജ് ചെയ്യുന്ന സ്‌ട്രോങ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഫ്‌ളെക്‌സ് ഫ്യൂവൽ സംവിധാനവും ഒരുമിപ്പിക്കുന്ന വാഹനത്തിന് ഡെൽഹി എക്‌സ്‌ഷോ റൂം വില 19.99 ലക്ഷം രൂപ മുതലാണ്. ഇന്ന് മുതൽ ബുക്കിങ് ആരംഭിച്ചിച്ചിട്ടുണ്ട്.
ഇ20 മുതൽ ഇ85 വരെയുള്ള എഥനോൾ കലർന്ന പെട്രോളിലും പ്രവർത്തിക്കാൻ ആകുമെന്നതാണ് വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യയിൽ തദ്ദേശീയമായി നിർമിച്ച ഫ്‌ളെക്‌സ് ഫ്യൂവൽ എൻജിനും ഇ-ഡ്രൈവ് സംവിധാനവുമാണ് വാഹനത്തിലുള്ളത്. ടൊയോട്ടയുടെ ടിഎൻജിഎ 2.0 ലിറ്റർ ഫ്‌ളെക്‌സ് എൻജിനൊപ്പം അഞ്ചാം തലമുറ സ്‌ട്രോങ് ഹൈബ്രിഡ് ഇലക്‌ട്രിക് സംവിധാനവും ലഭിക്കും.
ടൊയോട്ട ഹൈബ്രിഡ് സിസ്‌റ്റവും ഇ-ഡ്രൈവ് ട്രാൻസ്‌മിഷനും ചേർന്ന് 147 കിലോവാട്ട് പരമാവധി കരുത്ത് നൽകും. ഇവി, ഇക്കോ, പവർ ഡ്രൈവിങ് മോഡുകൾ ലഭ്യമാണ്. ഇ20 ഇന്ധനത്തിൽ ലിറ്ററിന് 22.58 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. നമ്മുടെ സാഹചര്യങ്ങളിൽ വാഹനത്തിന്റെ ഗുണനിലവാരവും പ്രകടനവും ഉറപ്പാക്കാൻ ഇന്ത്യയിലെയും ജപ്പാനിലെയും ടൊയോട്ട എൻജിനിയറിങ് ടീമുകൾ ഒത്തുചേർന്ന് വിവിധ മേഖലകളിൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു.
പുതിയ ഫ്രണ്ട് ബമ്പറും ഗ്രില്ലും പ്രൊജക്‌ടർ എൽഇഡി ഹെഡ് ലാമ്പുകളും ഡബിൾ സ്‌റ്റാക്ക്ഡ് എൽഇഡി ഡിആർഎല്ലുകളുമാണ് പുറംഭാഗത്തെ പ്രധാന മാറ്റങ്ങൾ. ഫോഗ് ലാമ്പുകൾ ഉൾപ്പെടുത്തിയ ത്രിമാന ഡിസൈനിലുള്ള ലോവർ ഗ്രില്ലും പുതുക്കിയ പിൻ കോമ്പിനേഷൻ ലാമ്പുകളും വാഹനത്തിന് കൂടുതൽ ആകർഷണം നൽകുന്നു. പനോരമിക് സൺറൂഫ്, അലോയ് വീലുകൾ, റൂഫ് സ്‌പോയിലർ തുടങ്ങിയവയും ലഭ്യമാണ്.
Most Read| അട്ടപ്പാടിയിൽ പിങ്ക് നിറത്തിലുള്ള പുൽച്ചാടി; ലക്ഷത്തിൽ ഒരെണ്ണം മാത്രം




































