തിരുവനന്തപുരം: കേരളാ പോലീസിന് നേരെ വീണ്ടും കസ്‌റ്റഡി മര്‍ദ്ദന ആരോപണം. തിരുവനന്തപുരം പൂവാര്‍ സ്വദേശി സുധീര്‍ ഖാനാണ് കസ്‌റ്റഡിയിൽ കൊടിയ പീഡനം നേരിടേണ്ടി വന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
സുധീറിന്റെ കാൽ മർദ്ദനമേറ്റ് ചതഞ്ഞ നിലയിലാണെന്നും ദേഹമാസകലം മർദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഒരു കാരണവുമില്ലാതെയാണ് പോലീസ് തന്നെ മർദ്ദിച്ചതെന്ന് ഇയാൾ പറയുന്നു. ബീമാ പള്ളിയിലെ വീട്ടിലേക്ക് ഭാര്യയെ ബസ് കയറ്റി വിട്ട ശേഷം പൂവാര്‍ ജങ്‌ഷനിൽ നില്‍ക്കുമ്പോഴാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.
ബൈക്ക് യാത്രക്കിടെ മൂത്രമൊഴിക്കാൻ നിർത്തിയപ്പോൾ പോലീസ് സമീപത്തേക്കെത്തി എന്താണ് ഇവിടെ നിൽക്കുന്നതെന്ന് ചോദ്യം ചെയ്‌തു. കാര്യം പറയുന്നതിനിടെ ജീപ്പിലുണ്ടായിരുന്ന ഉദ്യോഗസ്‌ഥർ പുറത്തിറങ്ങി തലങ്ങും വിലങ്ങും മർദ്ദിക്കുകയായിരുന്നുവെന്ന് സുധീർ പറഞ്ഞു. തുടർന്ന് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയും മർദ്ദനം തുടരുകയായിരുന്നു.
കസ്‌റ്റഡിയിൽ എടുത്തത് എന്തിനാണെന്ന് ചോദിച്ചിട്ടും പോലീസ് വ്യക്‌തമാക്കിയില്ല. ആശുപത്രിയിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ചെവികൊണ്ടില്ല. സിഐ വന്ന ശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്നായിരുന്നു മറുപടി.
സുധീറിനെ കസ്‌റ്റഡിയിൽ എടുത്തതായി പോലീസ് സ്‌ഥിരീകരിച്ചിട്ടുണ്ട്. ബോട്ടിങ്ങിനെത്തിയ വിനോദ സഞ്ചാരികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതിനാണ് ഇയാളെ കസ്‌റ്റഡിയിൽ എടുത്തതെന്നാണ് പോലീസ് പറയുന്നത്. അതേസമയം, മർദ്ദന ആരോപണങ്ങളോട് പോലീസ് പ്രതികരിച്ചിട്ടില്ല.
Also Read: യാത്രക്കാർ കുറവ്; കെഎസ്ആർടിസി ഞായറാഴ്‌ച നടത്തിയത് 60 ശതമാനം സർവീസുകൾ