തിരുവനന്തപുരം: ലോക്ക്ഡൗൺ പിൻവലിച്ചതിന് ശേഷവും ഞായറാഴ്‌ചകളിൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവ്. സംസ്‌ഥാനത്ത് കഴിഞ്ഞ ഞായറാഴ്‌ച ആകെ 60 ശതമാനം സർവീസുകൾ മാത്രമാണ് കെഎസ്ആർടിസി നടത്തിയത്. ലോക്ക്ഡൗണിന് ശേഷമുള്ള ആദ്യത്തെ ഞായറാഴ്‌ചയേക്കാൾ സ്‌ഥിതി മെച്ചപ്പെട്ടെങ്കിലും പഴയപടി ആയിട്ടില്ല.
സാധാരണ ദിവസങ്ങളിൽ 3,300 കെഎസ്ആർടിസി സർവീസുകൾ നടത്തുന്ന സ്‌ഥാനത്ത് ഞായറാഴ്‌ച 1,861 കെഎസ്ആർടിസി ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്. കൂടാതെ ഈ സർവീസുകളിൽ യാത്ര ചെയ്യാൻ രാവിലെ ആളുകൾ വളരെ കുറവായിരുന്നു. ഉച്ചക്ക് ശേഷമാണ് യാത്രക്കാരുടെ എണ്ണം കുറച്ചെങ്കിലും ഉയർന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകൾ അടങ്ങിയ സൗത്ത് സോണിൽ നിന്നും സാധാരണ ദിവസങ്ങളിൽ 1,300 സർവീസുകളാണ് ഉണ്ടാകാറുള്ളത്. എന്നാൽ ഞായറാഴ്‌ച ഇത് 600 ആയി ചുരുങ്ങി. അതിനാൽ തന്നെ ഞായറാഴ്‌ച കെഎസ്ആർടിസിയുടെ വരുമാനത്തിൽ വലിയ കുറവ് ഉണ്ടാകുകയും ചെയ്യുന്നുണ്ട്. അതേസമയം വരുന്ന ഞായറാഴ്‌ചകളിൽ കൂടുതൽ യാത്രക്കാർ എത്തുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
Read also: കണ്ണമ്പ്ര റൈസ് പാർക്ക് അഴിമതി; നേതാക്കൾക്കെതിരെ സിപിഎമ്മിൽ കൂട്ടനടപടി