പാലക്കാട്: കണ്ണമ്പ്ര റൈസ് പാർക്കിനായി ഭൂമി വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് സിപിഎമ്മിൽ കൂട്ട അച്ചടക്ക നടപടി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ സികെ ചാമുണ്ണിയെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. റൈസ് പാർക്ക് നിർമാണത്തിനായുള്ള പാപ്‌കോസ് കൺസോർഷ്യത്തിന്റെ മുൻ സെക്രട്ടറിയും ചാമുണ്ണിയുടെ ബന്ധുവുമായ ആർ സുരേന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.
പാർട്ടി ഫണ്ട് തിരിമറി നടത്തിയതിൽ വടക്കഞ്ചേരി ഏരിയ സെക്രട്ടറി കെ ബാലനെ തരംതാഴ്‌ത്തി. സികെ ചാമുണ്ണിയുടെ നേതൃത്വത്തിൽ കണ്ണമ്പ്ര റൈസ് പാർക്കിനായി ഭൂമി വാങ്ങിയതിൽ മൂന്നര കോടി രൂപയുടെ അഴിമതി നടന്നതായി സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. അടിസ്‌ഥാന സൗകര്യങ്ങളില്ലാത്ത ഭൂമി വിപണി വിലയുടെ മൂന്നിരട്ടി കൊടുത്താണ് വാങ്ങിയത്.
റൈസ് പാർക്ക് നിർമാണത്തിനായി സഹകരണ ബാങ്കുകളുടെ കൂട്ടായ്‌മയായ പാപ്‌കോസിനും രൂപം നൽകിയിരുന്നു. സെക്രട്ടറിയായി ജോലി നോക്കിയിരുന്നത് ചാമുണ്ണിയുടെ ബന്ധുവായ ആർ സുരേന്ദ്രനായിരുന്നു. അഴിമതിയിൽ സുരേന്ദ്രന്റെ പങ്കും വ്യക്‌തമായതോടെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. സുരേന്ദ്രൻ അനധികൃത സ്വത്ത് സമ്പാദനം നടത്തിയതായും അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. റൈസ് പാർക്ക് അഴിമതിയിൽ നിയമനടപടി സ്വീകരിക്കാൻ സർക്കാരിനോട് പാർട്ടി നേതൃത്വം ആവശ്യപ്പെടുമെന്നാണ് റിപ്പോർട്.
Also Read: പ്രൈമറി ക്‌ളാസുകൾ തുറക്കുന്നതിനോട് യോജിപ്പില്ല; സ്‌കൂൾ അധികൃതർ