തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ച സ്‌കൂളുകൾ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഒന്നര വർഷം നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് വിദ്യാർഥികൾ സ്‌കൂളുകളിലേക്ക് എത്താൻ പോകുന്നത്. എന്നാൽ, നവംബർ ഒന്ന് മുതൽ പ്രൈമറി ക്‌ളാസുകൾ തുറക്കാനുള്ള തീരുമാനത്തിൽ സ്‌കൂൾ മാനേജ്‌മെന്റുകൾക്ക് ആശങ്കയുണ്ട്.
ആദ്യഘട്ടത്തിൽ പ്രൈമറി സ്‌കൂളുകൾ തുറക്കുന്നതിനോട് യോജിപ്പില്ലെന്ന് സ്‌കൂൾ മാനേജ്‌മെന്റുകൾ അറിയിച്ചു. ചെറിയ കുട്ടികളെ കോവിഡ് മാനദണ്ഡങ്ങൾ അനുസരിപ്പിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് അധ്യാപകർ പറയുന്നു. കൊച്ചുകുട്ടികളെ കോവിഡ് ചട്ടങ്ങൾ പാലിച്ച് സ്‌കൂളിൽ ഇരുത്തുക എളുപ്പമല്ല. ആദ്യം വലിയ ക്‌ളാസുകൾ ആരംഭിക്കാനാണ് പല സ്‌കൂൾ മാനേജ്‌മെന്റുകളും ആലോചിക്കുന്നത്.
കൂടാതെ, ക്‌ളാസുകൾ തുടങ്ങാൻ അതാത് സ്‌കൂളുകൾക്ക് മാർഗരേഖയുണ്ടാക്കാൻ അനുവദിക്കണമെന്നും സ്‌കൂൾ അധികൃതർ ആവശ്യപ്പെടുന്നുണ്ട്. ഓരോ സ്‌കൂളിന്റെയും പരിമിതികളും സാധ്യതകളും പരിഗണിച്ച് ക്‌ളാസുകൾ തുടങ്ങുന്ന രീതി തീരുമാനിക്കാൻ അനുവദിക്കണം. ഓൺലൈൻ ക്‌ളാസുകൾ തുടരണം. 10, 12 ക്‌ളാസുകൾ എങ്ങനെ പോകുന്നു എന്ന് വിലയിരുത്തിയ ശേഷമേ മറ്റ് ക്‌ളാസുകളിലെ ഓഫ്‌ലൈൻ പഠനം സംബന്ധിച്ച് തീരുമാനമെടുക്കാനാകൂ എന്നും അധികൃതർക്ക് അഭിപ്രായമുണ്ട്. കുട്ടികളുടെ യാത്രാസൗകര്യം കോവിഡ് മാനദണ്ഡം പാലിച്ചാണെങ്കിൽ സംസ്‌ഥാനത്തെ ഒട്ടുമിക്ക സ്‌കൂളുകൾക്കും സർക്കാർ ധനസഹായം നൽകേണ്ടി വരും.
Also Read: ‘മതസൗഹാർദം സംരക്ഷിക്കണം’; സാംസ്‌കാരിക നായകർക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്