തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിന് പിന്നാലെ കേരളത്തിൽ ഉടലെടുത്ത വിവാദങ്ങളിൽ കൂടുതൽ ഇടപെടലുകളുമായി പ്രതിപക്ഷം. ഇതുമായി ബന്ധപ്പെട്ട് മതസൗഹാർദം തകർക്കാനും വർഗീയത വളർത്താനുമുള്ള ശ്രമങ്ങൾക്കെതിരെ ഇടപെടൽ അഭ്യർഥിച്ച് സാംസ്‌കാരിക സാഹിത്യ സമൂഹിക പ്രവർത്തകർക്കും കലാകാരൻമാർക്കും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കത്തയച്ചു.
‘സമൂഹത്തെ ചേർത്തു നിർത്തുന്ന ഇഴയടുപ്പങ്ങൾ പൊട്ടിയകലുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. നമ്മുടെ കേരളം വിദ്വേഷത്തിലും അവിശ്വാസത്തിലും പകയിലും ചെന്ന് അവസാനിക്കരുത്’- അദ്ദേഹം കത്തിൽ പറഞ്ഞു. കേരളത്തിന്റെ സമാധാന അന്തരീക്ഷം കാത്തു സൂക്ഷിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസും യുഡിഎഫും ആരംഭിച്ചതായും അതിന് എല്ലാവിധ പിന്തുണയും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.