തിരുവനന്തപുരം: ‘മന്ത്രിമാര്‍ക്ക് ക്‌ളാസ്’ എന്ന സര്‍ക്കാരിന്റെ ആശയത്തെ പരിഹസിച്ച് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. മന്ത്രിമാര്‍ക്കല്ല പാർടി സെക്രട്ടറി എ വിജയരാഘവനാണ് ക്‌ളാസ് വേണ്ടതെന്ന് സലാം പരിഹസിച്ചു. സ്‌ത്രീ വിരുദ്ധവും വര്‍ഗീയപരവുമായ നിലപാടുകളാണ് വിജയരാഘവന്‍ എക്കാലവും സ്വീകരിച്ചു പോന്നിട്ടുള്ളതെന്നും ജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് പാർടി സെക്രട്ടറിയെ പഠിപ്പിക്കണമെന്നും സലാം പറഞ്ഞു.
മന്ത്രിമാര്‍ക്കൊപ്പം മുഖ്യമന്ത്രിക്കും ട്യൂഷന്‍ നൽകണം. ഭരണ നേട്ടങ്ങള്‍ പറയാനില്ലാത്തതു കൊണ്ടാണ് സിപിഎം വര്‍ഗീയത പറയുന്നത്. നാര്‍ക്കോട്ടിക് ജിഹാദുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കാതിരിക്കാൻ വേണ്ടിയാണ് സിപിഎം ശ്രമിക്കുന്നത്. പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശം കേവലം രാഷ്‌ട്രീയ നേട്ടത്തിനായാണ് സിപിഎം ഉപയോഗിക്കുന്നതെന്നും സലാം കുറ്റപ്പെടുത്തി.
പാലാ ബിഷപ്പിന്റെ പ്രസ്‌താവനയില്‍ മുസ്‌ലിം സമുദായത്തിന് ആശങ്കയുണ്ട്. അത് പരിഹരിക്കാനാണ് പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡണ്ടും ശ്രമിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എ വിജയരാഘവന് എതിരെ കെപിസിസി പ്രസിഡണ്ട് കെ സുധാകരനും രംഗത്ത് വന്നിരുന്നു. ഏറ്റവും വലിയ വര്‍ഗീയ വാദി എ വിജയരാഘവനാണെന്ന് പറയേണ്ടി വരുമെന്നായിരുന്നു കെ സുധാകരന്‍ പറഞ്ഞത്.
Most Read: ഇന്ത്യയുടെ വാക്‌സിൻ സ്വീകരിച്ചവർക്ക് ബ്രിട്ടണിൽ ക്വാറന്റെയ്ൻ; പ്രതിഷേധവുമായി ശശി തരൂർ