തിരുവനന്തപുരം: രണ്ടു മാസത്തെ വേനലവധിക്ക് ശേഷം കുരുന്നുകൾ ഇന്ന് സ്‌കൂളിലേക്ക്. സംസ്‌ഥാനത്തെ വിദ്യാലയങ്ങളിൽ പ്രവേശനോൽസവത്തിന്റെ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മൂന്ന് ലക്ഷത്തിലധികം കുഞ്ഞുങ്ങളാണ് ഈ വർഷം പുതുതായി ഒന്നാം ക്‌ളാസിൽ എത്തുന്നത്. പ്രവേശനോൽസവത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം മലയിൻകീഴ് ഗവ.വിഎച്ച്‌എസ്‌എസിൽ രാവിലെ പത്ത് മണിക്ക് നിർവഹിക്കും.
ഉൽഘാടന ചടങ്ങ് കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ വഴി എല്ലാ സ്‌കൂളുകളിലും തൽസമയം പ്രദർശിപ്പിക്കും. ഇതേ സമയം തന്നെ ജില്ലാതലത്തിലും സ്‌കൂൾ തലത്തിലും പ്രവേശനോൽസവം സംഘടിപ്പിക്കുന്നുണ്ട്. ജില്ലാതലങ്ങളിൽ മന്ത്രിമാർ നേതൃത്വം നൽകും. വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു കൊണ്ടാണ് സർക്കാർ പ്രവേശനോൽസവം സംഘടിപ്പിക്കുന്നത്.
ലഹരി ഉപയോഗവും വിൽപ്പനയും തടയുന്നതിനുള്ള സഹായം ആഭ്യന്തര വകുപ്പ് നൽകും. സ്‌കൂൾ ബസുകൾ, സ്‌കൂളുകളിൽ കുട്ടികളെ എത്തിക്കുന്ന മറ്റു സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഗതാഗത വകുപ്പും ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രവേശനോൽസവത്തോട് അനുബന്ധിച്ചു കൂടുതൽ ട്രാഫിക് പോലീസിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.
Most Read: ഡോ. വന്ദനയുടേയും രഞ്‌ജിത്തിന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം