തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസിന്റെ കുടുംബത്തിനും തീ അണക്കാനുള്ള ശ്രമത്തിനിടെ മരിച്ച ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥൻ ആറ്റിങ്ങൽ സ്വദേശി രഞ്‌ജിത്തിന്റെ കുടുംബത്തിനും 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ഈ മാസം പത്തിനാണ് കോട്ടയം സ്വദേശിനിയായ വന്ദന ദാസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലിരിക്കെ അക്രമിയുടെ കുത്തേറ്റ് മരിച്ചത്. ലഹരിമരുന്നിന് അടിമയായ പ്രതി ജി സന്ദീപിനെ പോലീസുകാർ പരിശോധനക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു ആക്രമണം. ഒപ്പം ഉണ്ടായിരുന്ന പോലീസുകാരെയും സന്ദീപ് കുത്തി. പുറകിലും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റ ഡോക്‌ടർ വന്ദനാ ദാസ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.
ഈ മാസം 23ന് ആണ് തിരുവനന്തപുരം തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ചാക്ക ഫയർഫോഴ്‌സ് യൂണിറ്റിലെ ഫയർമാൻ ആറ്റിങ്ങൽ സ്വദേശി ജെഎസ് രഞ്‌ജിത്ത് (32) മരിച്ചത്. തീ അണക്കാനുള്ള ശ്രമത്തിനിടെ, കെട്ടിടത്തിന്റെ ഒരു ഭാഗം ശരീരത്തിലേക്ക് വീണതാണ് മരണകാരണം.
Most Read: അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണം; ഹരജി തള്ളി ഹൈക്കോടതി