അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണം; ഹരജി തള്ളി ഹൈക്കോടതി

ആനയെ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് എന്ത് അടിസ്‌ഥാനത്തിലാണ്‌ പറയുന്നതെന്നും, ഹരജിയുടെ സത്യസന്ധത സംശയിക്കുന്നുവെന്നും കോടതി തുറന്നടിച്ചു. 

By Trainee Reporter, Malabar News
sucide attempt in high court

കൊച്ചി: അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ട്വിന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് ഫയൽ ചെയ്‌ത ഹരജി ഹൈക്കോടതി തള്ളി. ആനയെ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് എന്ത് അടിസ്‌ഥാനത്തിലാണ്‌ പറയുന്നതെന്നും, ഹരജിയുടെ സത്യസന്ധത സംശയിക്കുന്നുവെന്നും കോടതി തുറന്നടിച്ചു.

ജസ്‌റ്റിസ്‌ അലക്‌സാണ്ടർ തോമസ്, ജസ്‌റ്റിസ്‌ സി ജയചന്ദ്രൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹരജിക്കാരനെ വിമർശിച്ച കോടതി ഇക്കാര്യത്തിൽ എന്താണ് ഹരജിക്കാരന്റെ വൈദഗ്‌ധ്യമെന്നും ചോദിച്ചു. തമിഴ്‌നാട് സർക്കാർ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. എന്ത് അടിസ്‌ഥാനത്തിലാണ്‌ ഇക്കാര്യത്തിൽ ഇടപെടുന്നതെന്നും കോടതി ചോദിച്ചു.

ചിന്നക്കനാലിൽ ഉൾപ്പടെയുള്ള ജനങ്ങൾ ഭയത്തിലാണ് കഴിഞ്ഞിരുന്നത്. ഇപ്പോഴാണ് അവർക്ക് ആശ്വാസമായത്. തമിഴ്‌നാട് ഉദ്യോഗസ്‌ഥരും അധികൃതരും ആനയോട് ക്രൂരത കാട്ടിയെന്ന് ഹരജിക്കാരന് വാദമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, തുമ്പിക്കൈയിലെ പരിക്ക് തമിഴ്‌നാട് ഉദ്യോഗസ്‌ഥരുടെയോ തദ്ദേശവാസികളുടെയോ എന്തെങ്കിലും പ്രവൃത്തി മൂലമാണെന്ന് ആരോപണം ഇല്ലേയെന്നും ചോദിച്ചു.

വന്യമൃഗ സംരക്ഷണ നിയമത്തിന്റെ അടിസ്‌ഥാനത്തിൽ, ആനയെ തമിഴ്‌നാട്ടിലെ നിബിഡ വനത്തിൽ കൊണ്ടുവിടാനാണ് തമിഴ്‌നാട് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ്. ഉത്തരവിന്റെ നിയമസാധുത ഹരജിയിൽ ചോദ്യം ചെയ്‌തിട്ടില്ലെന്നും കോടതി പറഞ്ഞു. തമിഴ്‌നാട് സർക്കാരിന്റെ നടപടികൾ അശാസ്‌ത്രീയമാണെന്ന് പറയുന്നുണ്ടോ? ആനയെ നിബിഡ വനത്തിലേക്ക് അയക്കുമ്പോൾ അതിന് ബുദ്ധിമുട്ട് ഉണ്ടാകുമെന്നതിനുള്ള വസ്‌തുതകൾ നിരത്തിയിട്ടില്ല.

തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിൽ കൊണ്ടുവന്നു അതിനെ പുനരധിവസിപ്പിക്കണമെന്ന കാര്യത്തിൽ എന്താണ് താൽപര്യമെന്നും കോടതി ചോദിച്ചു. അരിക്കൊമ്പൻ ദൗത്യത്തിനായി സർക്കാർ ചിലവഴിച്ചത് 80 ലക്ഷം രൂപയാണ്. മാത്രമല്ല, സർക്കാർ കടബാധ്യതയിലുമാണ്. ഇനി തമിഴ്‌നാട് സർക്കാർ ആനയെ മാറ്റാൻ തയ്യാറായാൽ എല്ലാ ചിലവും സാബു വഹിക്കുമോയെന്നും കോടതി പരിഹസിച്ചു. തമിഴ്‌നാട്ടിൽ നടക്കുന്ന കാര്യങ്ങളിൽ ഹരജിക്കാരന് പരാതി ഉണ്ടെങ്കിൽ മദ്രാസ് ഹൈക്കോടതിയെ സമീപിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

Most Read: ‘അറിവുള്ളവരായി നടിക്കുന്നവരിൽ ഒരാളാണ് പ്രധാനമന്ത്രി’; പരിഹസിച്ചു രാഹുൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE