ന്യൂഡെൽഹി: അരിക്കൊമ്പനെ ഇനി മയക്കുവെടി വെക്കുന്നത് തടയണമെന്നുള്ള ഹരജി ജൂലൈ ആറിന് പരിഗണിക്കാമെന്ന് സുപ്രീം കോടതി. വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി എന്ന സംഘടനയാണ് അരിക്കൊമ്പനായി സുപ്രീം കോടതിയിൽ ഹരജി ഫയൽ ചെയ്‌തത്. അരിക്കൊമ്പന്റെ ആരോഗ്യനില മോശമാണെന്നും അതിനാൽ ഹരജി അടിയന്തിരമായി പരിഗണിക്കണമെന്നും സംഘടന കോടതിയിൽ ആവശ്യപ്പെട്ടു.
തുടർന്നാണ് ഹരജി ആറിന് പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കിയത്. ആനകൾ ശക്‌തരാണെന്നും, ഒന്നും സംഭവിക്കില്ലെന്നും ജസ്‌റ്റിസുമാരായ എഎസ് ബോപ്പണ്ണ, പികെ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു. അഭിഭാഷകൻ ദീപക് പ്രകാശും അഭിഭാഷക ദിവ്യാംഗന മാലിക്കുമാണ് സംഘടനക്ക് വേണ്ടി കോടതിയിൽ ഹാജരായത്. അരിക്കൊമ്പന് ചികിൽസയും മരുന്നും ഉറപ്പാക്കാൻ സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒന്നിലധികം തവണ മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ ആരോഗ്യസ്‌ഥിതി മോശമാണ്. നിലവിൽ പാർപ്പിച്ചിരിക്കുന്ന സ്‌ഥലവുമായി അരിക്കൊമ്പൻ ഒത്തുപോവുന്നില്ല. ഇത് ആനയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇനി മയക്കുവെടി വെക്കരുതെന്ന് നിർദ്ദേശിക്കണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
അരിക്കൊമ്പന് അടിയന്തിര ചികിൽസ ഉറപ്പാക്കാൻ നിർദ്ദേശിക്കണമെന്നും നിലവിലെ ആരോഗ്യസ്‌ഥിതി സംബന്ധിച്ച് സർക്കാരുകളോട് റിപ്പോർട് തേടണമെന്നും ഹരജിയിൽ പറയുന്നുണ്ട്. ആനത്താരകളും ആനകൾ കഴിയുന്ന പ്രദേശങ്ങളും സംരക്ഷിക്കുന്നതിനെ കുറിച്ച് പഠിക്കാൻ വിദഗ്‌ധ സമിതി രൂപീകരിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ തമിഴ്‌നാട് വനത്തിനുള്ളിലാണ് അരിക്കൊമ്പൻ.
Most Read: കൈതോലപ്പായയിൽ പണം കടത്ത്; കോൺഗ്രസിന്റെ പരാതിയിൽ അന്വേഷണം