കാലിഫോർണിയ: അറിവുള്ളവരായി നടിക്കുന്നവരിൽ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി ശാസ്‌ത്രജ്‌ഞൻമാരെ വരെ ഉപദേശിക്കുന്നു. ദൈവത്തേക്കാൾ അറിവുള്ള ആളായി നടിക്കുന്നയാളാണ് മോദിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അമേരിക്കയിലെ കാലിഫോർണിയയിൽ വിദ്യാർഥികളുമായി സംവദിക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ പരിഹാസ പ്രസംഗം.
‘ദൈവത്തോട് പോലും നരേന്ദ്രമോദി, പ്രപഞ്ചം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിശദീകരിക്കുന്നു. ഇത് കേൾക്കുമ്പോൾ ദൈവം പോലും താൻ എന്താണ് സൃഷ്‌ടിച്ചതെന്ന ആശയക്കുഴപ്പത്തിൽ എത്തും. ചിലർ ശാസ്‌ത്രജ്‌ഞൻമാർ, സൈനികർ, ചരിത്രകാരൻമാർ തുടങ്ങി എല്ലാവരെയും ഉപദേശിക്കും. എന്നാൽ അവർക്ക് കാര്യമായ അറിവ് ഉണ്ടാകണമെന്നില്ല. ഗുരുനാനാക്, മഹാത്‌മാ ഗാന്ധി, ബസവേശ്വരൻ തുടങ്ങിയവരോന്നും തനിക്ക് എല്ലാമറിയുമെന്ന് വിചാരിച്ചല്ല കഴിഞ്ഞിരുന്നത്’- രാഹുൽ ഗാന്ധി പറഞ്ഞു.
ലോകം വളരെ വലുതാണെന്ന തിരിച്ചറിവാണ് വേണ്ടതെന്നും രാഹുൽ വിശദീകരിച്ചു. ഭാരത് ജോഡോ യാത്ര തനിക്ക് വലിയ അനുഭവം ആയിരുന്നുവെന്നും രാഹുൽ പറഞ്ഞു. ഇന്ത്യ ഒരു ആശയത്തെയും തിരസ്‌കരിച്ചിട്ടില്ല. എൻആർഐക്കാർ ഇന്ത്യയുടെ അംബാസിഡർമാരാണ്. വനിതാ സംവരണ ബിൽ കോൺഗ്രസ് പാസാക്കാനാണ് ശ്രമിച്ചത്. പക്ഷേ സഖ്യ കക്ഷികളിൽ ചിലർ എതിർപ്പ് പ്രകടിപ്പിച്ചു. ഇന്ത്യയിലെ ജനങ്ങൾ വെറുപ്പിൽ വിശ്വസിക്കുന്നവരല്ല. പരസ്‌പരം കൊല്ലുന്നവരല്ല. ചെറിയൊരു വിഭാഗമാണ് ഇതിന് പിന്നിലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Most Read: രാജ്യത്തെ 150 മെഡിക്കൽ കോളേജുകളുടെ എൻഎംസി അംഗീകാരം നഷ്‌ടമായേക്കും