ന്യൂഡെൽഹി: രാജ്യത്തെ 150ഓളം മെഡിക്കൽ കോളേജുകളുടെ നാഷണൽ മെഡിക്കൽ കമ്മീഷന്റെ (എൻഎംസി) അംഗീകാരം നഷ്‌ടമാകുമെന്ന് റിപ്പോർട്. കോളേജ് ഫാക്കൽറ്റിയുടെ അപര്യാപ്‌തതയും നിയമാനുസൃതമായി പ്രവർത്തിക്കാത്തതുമാണ് നടപടിക്ക് കാരണം. നിലവിൽ എട്ടു സംസ്‌ഥാനങ്ങളിലെ 40 മെഡിക്കൽ കോളേജുകളുടെ അംഗീകാരം നഷ്‌ടമായിട്ടുണ്ട്.
ഗുജറാത്ത്, അസം, പുതുച്ചേരി, പഞ്ചാബ്, ആന്ധ്രാപ്രദേശ്, ത്രിപുര, ബംഗാൾ എന്നീ സംസ്‌ഥാനങ്ങളിലെ മെഡിക്കൽ കോളേജുകളാണ് എൻഎംസിയുടെ പട്ടികയിൽ ഉൾപെട്ടിട്ടുള്ളത്. എൻഎംസിയും അണ്ടർ ഗ്രാജ്വേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ബോർഡ് കോളേജുകളിൽ നടത്തിയ പരിശോധനയുടെ അടിസ്‌ഥാനത്തിലാണ് തീരുമാനം. മെഡിക്കൽ കമ്മീഷന്റെ നിയമങ്ങൾ അനുസരിച്ചല്ല കോളേജുകൾ പ്രവർത്തിക്കുന്നത് എന്നാണ് ബോർഡ് കണ്ടെത്തിയത്.
എൻഎംസി നടപടിക്ക് ഒരുങ്ങുന്ന കോളേജുകൾക്ക് അപ്പീൽ നൽകാൻ 30 ദിവസത്തെ സാവകാശം നൽകിയിട്ടുണ്ട്. ഈ അപ്പീൽ തള്ളിയാൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ സമീപിക്കേണ്ടി വരും. കൃത്യമായ ഫാക്കൽറ്റി ഇല്ലാത്തതും നിയമങ്ങൾ പാലിക്കാത്തതുമായ കോളേജുകൾക്ക് എതിരെ നടപടി എടുക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Most Read: ഗുസ്‌തി താരങ്ങൾക്ക് പിന്തുണ; നിഷ്‌പക്ഷ അന്വേഷണം വേണമെന്ന് ഐഒസി