ഗുസ്‌തി താരങ്ങൾക്ക് പിന്തുണ; നിഷ്‌പക്ഷ അന്വേഷണം വേണമെന്ന് ഐഒസി

അതേസമയം, ബ്രിജ് ഭൂഷൺ സിംഗിനെതിരായ ലൈംഗീകാരോപണ കേസിൽ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഗുസ്‌തി താരങ്ങളുടെ സമരത്തിന്റെ ഭാവി പരിപാടികൾ തീരുമാനിക്കാൻ ഇന്ന് ഖാപ് പഞ്ചായത്ത് ചേരും. ഉത്തർപ്രദേശിലെ മുസഫർ നഗറിൽ വെച്ച് ഖാപ് പഞ്ചായത്ത് ചേരുമെന്നാണ് വിവരം.

By Trainee Reporter, Malabar News
wrestling protest

ന്യൂഡെൽഹി: ബ്രിജ് ഭൂഷണെ ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഗുസ്‌തി താരങ്ങൾ നടത്തുന്ന പ്രതിഷേധ സമരം കൂടുതൽ ശക്‌തിയാർജിക്കുന്നു. വിഷയത്തിൽ ഇടപെട്ടിരിക്കുകയാണ് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി. മെഡലുകൾ ഗംഗയിൽ എറിഞ്ഞുള്ള സമരപരിപാടികളിലേക്ക് അടക്കം ഗുസ്‌തി താരങ്ങൾ പോകേണ്ടി വന്ന സാഹചര്യത്തിലാണ് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഇടപെടൽ.

താരങ്ങളോടുള്ള സമീപനം അസ്വസ്‌ഥത ഉണ്ടാക്കുന്നതാണെന്നും സംഭവത്തിൽ പക്ഷപാതരഹിതമായ അന്വേഷണം വേണമെന്നും ഐഒസി ആവശ്യപ്പെട്ടു. ഗുസ്‌തി താരങ്ങളുമായി അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി പ്രതിനിധികൾ ഉടൻ ചർച്ച നടത്തും. അതിനിടെ, ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരായ ലൈംഗീകാരോപണ കേസിൽ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഗുസ്‌തി താരങ്ങളുടെ സമരത്തിന്റെ ഭാവി പരിപാടികൾ തീരുമാനിക്കാൻ ഇന്ന് ഖാപ് പഞ്ചായത്ത് ചേരും.

ഉത്തർപ്രദേശിലെ മുസഫർ നഗറിൽ വെച്ച് ഖാപ് പഞ്ചായത്ത് ചേരുമെന്നാണ് വിവരം. ഇന്നലെ മെഡലുകൾ ഗംഗയിൽ എറിയാൻ ഹരിദ്വാറിൽ എത്തിയ താരങ്ങളെ കർഷക നേതാക്കൾ എത്തിയാണ് അനുനയിപ്പിച്ചു തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചത്. അഞ്ചു ദിവസത്തിനകം അറസ്‌റ്റ് നടന്നില്ലെങ്കിൽ ഇതേ പ്രതിഷേധ മാർഗവുമായി തിരിച്ചു വരുമെന്ന് പ്രഖ്യാപിച്ചാണ് ഗുസ്‌തി താരങ്ങൾ മടങ്ങിയത്.

ഒളിമ്പിക്‌സ് അടക്കം അന്താരാഷ്‌ട്ര മൽസരങ്ങളിൽ നേടിയ മെഡലുകളുമായി ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് താരങ്ങൾ ഹരിദ്വാറിൽ എത്തിയത്. ഇന്ത്യൻ ചരിത്രത്തിലെ അതിവൈകാരികമായ രംഗങ്ങൾക്കാണ് ഗംഗാ തീരം സാക്ഷിയായത്. സംഘർഷത്തിന് പിന്നാലെ സമരവേദി പോലീസ് പൂർണമായി പൊളിച്ചു മാറ്റിയിരുന്നു. ഇതോടെയാണ് മെഡലുകൾ ഗംഗയിൽ ഒഴുക്കാൻ താരങ്ങൾ തീരുമാനിച്ചത്. മെഡലുകൾ ഗംഗയിൽ ഒഴുക്കിയ ശേഷം ഇന്ത്യാ ഗേറ്റിൽ അനിശ്‌ചിതകാല നിരാഹാര സമരമിരിക്കാനും താരങ്ങൾ തീരുമാനിച്ചിരുന്നു.

തങ്ങൾ കഠിനാധ്വാനം ചെയ്‌ത്‌ നേടിയ മെഡലുകൾക്ക് ഗംഗയുടെ അതേ പരിശുദ്ധിയാണെന്ന് താരങ്ങൾ പറഞ്ഞു. പീഡിപ്പിക്കപ്പെട്ട പെൺകുട്ടികൾക്ക് ഒപ്പം നിൽക്കണോ പീഡിതർക്കൊപ്പം നിൽക്കണോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടേയെന്നും ഗുസ്‌തി താരങ്ങൾ പറഞ്ഞു. എന്നാൽ, ഗുസ്‌തി താരങ്ങൾക്ക് പിന്തുണയുമായി ഹരിദ്വാറിലെത്തിയ ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടികായത്ത് ഉൾപ്പടെ ഉള്ളവർ താരങ്ങളിൽ നിന്ന് മെഡലുകൾ തിരികെ വാങ്ങി.

മെഡൽ ഒഴുക്കരുതെന്ന് ആവശ്യപ്പെട്ട ഇവർ താരങ്ങളുമായി സംസാരിച്ചു. ഖാപ് നേതാക്കളും ഇവർക്കൊപ്പമുണ്ട്. കായിക താരങ്ങളോട് അഞ്ചു ദിവസം സമയം തരണമെന്നും പ്രശ്‌നപരിഹാരത്തിന് ഇടപെടൽ ഉണ്ടാകുമെന്നും കർഷക നേതാക്കൾ അറിയിച്ചു. ഈ അഭ്യർഥന പരിഗണിച്ചാണ് താരങ്ങൾ പിൻമാറിയത്. മെഡലുകൾ ഒഴുക്കില്ലെന്നും അഞ്ചു ദിവസം നടപടി ഉണ്ടായില്ലെങ്കിൽ തിരിച്ചു വരുമെന്നും കായിക താരങ്ങൾ അറിയിച്ചു.

Most Read: ബ്രഹ്‌മപുരം ജൈവമാലിന്യ സംസ്‌കരണം; സോണ്ടയെ ഒഴിവാക്കി കൊച്ചി കോർപറേഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE