ന്യൂഡെൽഹി: ദേശീയ ഗുസ്‌തി ഫെഡറേഷന്റെ പ്രസിഡണ്ടായി സഞ്‌ജയ് സിങ്ങിനെ തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ചു ഖേൽരത്‌ന, അർജുന അവാർഡുകൾ തിരികെ നൽകി ഗുസ്‌തി താരം വിനേഷ് ഫോഗട്ട്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പുറത്ത് പുരസ്‌കാരങ്ങൾ ഉപേക്ഷിക്കാനായിരുന്നു താരത്തിന്റെ നീക്കമെങ്കിലും പോലീസ് ഇത് തടഞ്ഞു. ഇതോടെ കർത്തവ്യപഥിലെ ബാരിക്കേഡിന് മുന്നിൽ പുരസ്‌കാരം വെച്ച് വിനേഷ് മടങ്ങുകയായിരുന്നു.
ഖേൽരത്‌ന, അർജുന അവാർഡുകൾ തിരികെ നൽകുമെന്ന് വിനേഷ് ഫോഗട്ട് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഗുസ്‌തി താരങ്ങൾ മെഡൽ നേടുമ്പോൾ രാജ്യത്തിന്റെ അഭിമാനമായി കണക്കാക്കപ്പെടുന്നുവെന്നും അവർ നീതി ആവശ്യപ്പെട്ടപ്പോൾ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുകയാണെന്നും വിനേഷ് ഫോഗട്ട് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ കുറ്റപ്പെടുത്തിയിരുന്നു.
ലൈംഗികാതിക്രമ കേസിൽ പ്രതിയായ ബ്രിജ് ഭൂഷൺ സിങ്ങിന്റെ വിശ്വസ്‌തനായ സഞ്‌ജയ് സിങ്ങിനെ ദേശീയ ഗുസ്‌തി ഫെഡറേഷന്റെ പ്രസിഡണ്ടായി ഈ മാസം 21ന് തിരഞ്ഞെടുത്തിരുന്നു. ബ്രിജ് ഭൂഷണിന്റെ നിയന്ത്രണത്തിൽ തന്നെ ഫെഡറേഷൻ തുടരുന്നതിൽ പ്രതിഷേധിച്ചാണ് സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിച്ചതും ബജ്‌രംഗ് പുനിയ പത്‌മശ്രീ തിരികെ നൽകിയതും.
താരങ്ങളുടെ തീരുമാനം സർക്കാരിനെ സമ്മർദ്ദത്തിൽ ആക്കിയിരുന്നു. പിന്നാലെ ഈ ഭരണസമിതിയെ പിരിച്ചുവിടുകയും ചെയ്‌തിരുന്നു. ദേശീയ ഗുസ്‌തി ഫെഡറേഷന് താൽക്കാലിക ഭരണസമിതിയെ നിയമിച്ചു ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയത്. ഭൂപീന്ദർ സിങ് ബജ്‌വയാണ് താൽക്കാലിക ഭരണസമിതിയുടെ അധ്യക്ഷൻ. എംഎം സോമയ, മഞ്‌ജുഷ കൻവർ എന്നിവരാണ് പുതിയ സമിതിയിലെ മറ്റംഗങ്ങൾ.
Most Read| പുതുവർഷ പുലരിയിൽ കുതിക്കാൻ ‘വിസാറ്റ്’; ഇത് പെൺകരുത്തിന്റെ സുവർണനേട്ടം