വാഷിങ്‌ടൺ: ഇറാന് മേൽ ദീർഘകാല ഉപരോധം (long-term- siege) ഏർപ്പെടുത്താൻ യുഎസ് നീക്കം നടത്തുന്നതായി റിപ്പോർട്. നേരിട്ടുള്ള സൈനിക ആക്രമണത്തേക്കാൾ ഇറാനെ തകർക്കാൻ നീണ്ട ഉപരോധത്തിന് സാധിക്കുമെന്നാണ് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ വിലയിരുത്തൽ.
സൈനിക നീക്കങ്ങളിൽ നിന്ന് മാറി ഇറാന്റെ സമ്പദ്‌വ്യവസ്‌ഥയെ ശ്വാസം മുട്ടിക്കുന്ന തന്ത്രപരമായ നീക്കമാണ് യുഎസ് നടത്തുന്നത്. ദീർഘകാല ഉപരോധത്തിന് തയ്യാറെടുക്കാൻ ട്രംപ് സഹായികൾക്ക് നിർദ്ദേശം നൽകിയതായാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം തുടരാനാണ് യുഎസിന്റെ തീരുമാനം.
ഇതുമൂലം ഇറാനുമേൽ സാമ്പത്തിക സമ്മർദ്ദം കൂട്ടാമെന്നാണ് യുഎസിന്റെ കണക്കുകൂട്ടൽ. ഹോർമുസിലൂടെയുള്ള ഇറാന്റെ കപ്പൽ നീക്കങ്ങൾ തടയുന്നത് അവരുടെ എണ്ണ വരുമാനത്തെ ഇതിനോടകം തന്നെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇറാന്റെ എണ്ണ കയറ്റുമതിയിൽ വൻ കുറവ് ഉണ്ടായതോടെ അതിന്റെ പ്രത്യാഘാതങ്ങൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്‌ഥയെ ബാധിച്ചു തുടങ്ങിയിട്ടുണ്ട് .
ദീർഘകാല ഉപരോധം തുടർന്നാൽ ഇറാന്റെ സമ്പദ് വ്യവസ്‌ഥ താറുമാറാകുന്ന അവസ്‌ഥയിലേക്ക് എത്തും. സമീപകാല വിലയിരുത്തലുകൾ പ്രകാരം ഇറാനിൽ ഇനി 12 മുതൽ 22 ദിവസം വരെയുള്ള എണ്ണ സംഭരണശേഷി മാത്രമേ അവശേഷിക്കുന്നുള്ളൂ.
ഹോർമുസ് നിയന്ത്രണം, അപലപിച്ച് ഗൾഫ് രാജ്യങ്ങൾ
ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കുന്നത് ഉത്പാപടെയുള്ള ഇറാൻ നടപടികളെ സംയുക്‌തമായി അപലപിച്ച് ഗൾഫ് രാജ്യങ്ങൾ. ഹോർമുസ് അടച്ചുപൂട്ടാനുള്ള ഇറാന്റെ നിയമവിരുദ്ധ നടപടികളെ സൗദി അറേബ്യയിൽ നടന്ന ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) യോഗം പ്രസ്‌താവനയിലൂടെ തള്ളി.
കപ്പൽ ഗതാഗതം തടസപ്പെടുത്തുന്നതിനും ഫീസ് ഈടാക്കുന്നതിനും എതിരെ ജിസിസി രാജ്യങ്ങൾ ശക്‌തമായ മുന്നറിയിപ്പും നൽകി. സുരക്ഷയും കപ്പൽ ഗതാഗത സ്വാതന്ത്ര്യവും യുദ്ധത്തിന് മുൻപുള്ള നിലയിലേക്ക് പുനഃസ്‌ഥാപിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
ആണവപദ്ധതി ഉപേക്ഷിക്കാതെ ഇറാനുമായി കരാറിനില്ല
ആണവപദ്ധതി ഉപേക്ഷിക്കാതെ ഇറാനുമായി കരാറിനില്ലെന്ന സൂചന നൽകിയിരിക്കുകയാണ് യുഎസ്. നാവിക ഉപരോധം പിൻവലിച്ചാൽ ഹോർമുസ് കടലിടുക്ക് തുറക്കാമെന്നും ആണവപദ്ധതി സംബന്ധിച്ച് ചർച്ച പിന്നീടാകാമെന്നുമാണ് ഇറാൻ യുഎസിനുമേൽ വെച്ച നിർദ്ദേശങ്ങളിൽ ഉള്ളത്. എന്നാൽ, ആണവായുധം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാതെ ഇറാനുമായി കരാറില്ലെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ടിവി അഭിമുഖത്തിൽ പറഞ്ഞു.
ഇറാന്റെ നിർദ്ദേശങ്ങൾ യുഎസ് ദേശീയ സുരക്ഷാ സമിതി ചർച്ച ചെയ്‌തെന്നും പ്രസിഡണ്ട് ഇതേപ്പറ്റി പിന്നീട് പ്രതികരിക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. സഖ്യ കക്ഷിയായ റഷ്യയുമായി ചർച്ച ചെയ്‌തതിന് ശേഷമാണ് ഇറാൻ യുഎസിന് മേൽ പുതിയ നിർദ്ദേശങ്ങൾ വച്ചത്. ഹോർമുസ് കടലിടുക്ക് തുറക്കുക, യുദ്ധം അവസാനിപ്പിക്കുക, ആണവ ചർച്ചകൾ മാറ്റിവയ്‌ക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് ഇറാൻ മുന്നോട്ടു വച്ചിരിക്കുന്നത്.
Most Read| ഗ്യാസ് ബുക്കിങ് ഇനി അടിമുടി മാറും; മേയ് ഒന്നുമുതൽ പുതിയ നിയമം









































