ടെഹ്‌റാൻ: പരസ്‌പരം ആക്രമണം നിർത്തിയെന്ന് രാജ്യങ്ങൾ അവകാശപ്പെടുമ്പോഴും, പശ്‌ചിമേഷ്യയിൽ സംഘർഷം അയവില്ലാതെ തുടരുന്നു. ബഹ്‌റൈനിലെ യുഎസ് അഞ്ചാം നാവികപ്പടയ്‌ക്ക് നേരെയും പശ്‌ചിമേഷ്യയിലെ മറ്റു യുഎസ് കേന്ദ്രങ്ങൾക്ക് നേരെയും ഇറാൻ ആക്രമണം നടത്തിയതായാണ് റിപ്പോർട്.
യുഎസ് ആക്രമണങ്ങൾക്ക് തിരിച്ചടിയാണ് ഇറാന്റെ നടപടി. ബഹ്‌റൈനിലെ നാവികപ്പടയ്‌ക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) അവകാശപ്പെട്ടു. ജോർദാനിലെ യുഎസ് വ്യോമത്താവളത്തിന് നേരെയും കുവൈത്തിന് നേരെയും ആക്രമണം നടത്തിയതായും ഇറാൻ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
അതേസമയം, ആക്രമണം പ്രതിരോധിച്ചതായി കുവൈത്ത് സേന അറിയിച്ചു. ഹോർമുസ് കടലിടുക്കിന് സമീപം യുഎസിന്റെ അപ്പാച്ചെ ഹെലികോപ്‌ടർ ഇറാൻ സേന വെടിവെച്ചിട്ടതിന് പിന്നാലെയാണ് ഇറാനെതിരെ അമേരിക്കൻ സൈന്യം വ്യോമാക്രമണം നടത്തിയത്. ഹോർമുസിന് സമീപമുള്ള ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ, ഗ്രൗണ്ട് കൺട്രോൾ സ്‌റ്റേഷനുകൾ, നിരീക്ഷണ റഡാർ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം.
തങ്ങൾക്കെതിരെയുള്ള ഒരു ആക്രമണത്തിനും ഭീഷണിക്കും മറുപടി നൽകാതിരിക്കില്ലെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെയായിരുന്നു പ്രത്യാക്രമണം. 21ഓളം യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തി. മേഖലയിൽ സംഘർഷം രൂക്ഷമായതോടെ ഇറാൻ-യുഎസ് സമാധാന ചർച്ചകൾ വഴിമുട്ടാനുള്ള സാഹചര്യങ്ങളിലേക്കാണ് കാര്യങ്ങൾ പോകുന്നത്.
Most Read| കിണറ്റിലിറങ്ങി വനിതാ പഞ്ചായത്തംഗം; പെൺകരുത്തിൽ നാട്ടുകാർക്ക് കുടിവെള്ളം





































