ടെഹ്റാൻ: തന്ത്രപ്രധാന ചരക്ക് ഗതാഗത ഇടനാഴിയായ ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ വീണ്ടും ആക്രമണം. 28 ഇന്ത്യൻ നാവികർ ഉൾപ്പടെ 30 ജീവനക്കാരുമായി സഞ്ചരിക്കുകയായിരുന്ന ‘ദിശ’ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
വിഎംഎഫ് മാരിടൈം റേഡിയോ ചാനൽ വഴി ലഭിച്ച അപായ സന്ദേശത്തിന്റെ ശബ്ദരേഖ ആധാരമാക്കി ചൈനീസ് വാർത്താ ഏജൻസിയായ സിൻഹുവ ആണ് ആക്രമണവിവരം റിപ്പോർട് ചെയ്തത്. യുഎസിന്റെ നാവിക ഉപരോധം മറികടന്ന് ഇറാനിയൻ തുറമുഖം ലക്ഷ്യമിട്ട് നീങ്ങിയ കപ്പലിന്റെ എൻജിൻ റൂമിലാണ് മിസൈലേറ്റതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, കപ്പലിലെ ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് ടെഹ്റാനിലെ ഇന്ത്യൻ എംബസി അറിയിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട് ചെയ്തു. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങളോ കപ്പലിന് കേടുപാടുണ്ടായോ എന്നതിനെ കുറിച്ചുള്ള വിവരങ്ങളോ പുറത്തുവന്നിട്ടില്ല.
ഇറാനും യുഎസും പരസ്പരം ആക്രമണം കടുപ്പിച്ചതിന് പിന്നാലെ ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചിരുന്നു. പിന്നാലെ ഇറാനിലേക്ക് കപ്പലുകളുടെ പോക്കുവരവ് തടയാനുള്ള നാവിക ഉപരോധം യുഎസും പുനഃസ്ഥാപിച്ചു. ഹോർമുസ് കടലിടുക്ക് സംഘർഷഭരിതമായ സാഹചര്യത്തിൽ ഈ മേഖലയിൽ സർവീസ് നടത്തുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുതെന്ന് കേന്ദ്ര സർക്കാർ കപ്പൽ കമ്പനികൾക്ക് നിർദ്ദേശം നൽകിയിരുന്നു.
ആഗോള ഷിപ്പിങ് മേഖലയിൽ നാവികരെ സംഭാവന ചെയ്യുന്നതിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഒരാഴ്ച മുൻപ് ഹോർമുസിലുണ്ടായ കപ്പൽ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിരുന്നു. ഹോർമുസിന്റെ സമ്പൂർണ അധികാരികൾ തങ്ങളാണെന്ന് പറയുന്ന ഇറാൻ, കപ്പൽ ഗതാഗതത്തിന് പ്രത്യേക പാതയൊരുക്കിയിട്ടുണ്ട്. ഇതിലൂടെയല്ലാതെ കടലിടുക്കിന്റെ ഒമാൻ തീരത്തുകൂടെ പോകുന്ന കപ്പലുകളെയാണ് ഇറാൻ ആക്രമിക്കുന്നത്.
അതേസമയം, ഹോർമുസ് കടലിടുക്കിൽ ഇപ്പോഴും 6000 നാവികർ കുടുങ്ങിക്കിടക്കുകയാണെന്ന് യുഎൻ അറിയിച്ചു. പങ്കാളികളായ രാജ്യങ്ങൾ ഈ നാവികരെ രക്ഷിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് യുഎൻ അവകാശ സമിതിയുടെ അധ്യക്ഷൻ വോക്കർ ടുർക്ക് ആവശ്യപ്പെട്ടു. ഇവർക്ക് ഭക്ഷണം, മരുന്ന് ഉൾപ്പടെയുള്ള അവശ്യ വസ്തുക്കൾ കപ്പലിലേക്ക് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം ഒരു കപ്പൽ മാത്രമാണ് ഹോർമുസ് കടന്നത്. 20 ലക്ഷം ബാരൽ ഇറാഖി ബസ്റ അസംസ്കൃത എണ്ണയുമായി ചൈനയുടെ റിസാവോ തുറമുഖം ലക്ഷ്യമാക്കി സഞ്ചരിക്കുന്ന ന്യൂജയന്റ് കപ്പലാണ് ഹോർമുസ് കടന്നത്. അതേസമയം, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ചൊവ്വാഴ്ച വാഷിങ്ടണിലെത്തി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ കാണും.
Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി





































