പത്തനംതിട്ട: ശബരിമലയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) പരിശോധന ആരംഭിച്ചു. വിദഗ്ധ സംഘത്തോടൊപ്പമാണ് എസ്ഐടിയുടെ പരിശോധന. ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മൂന്ന് സാമ്പിളുകൾ ശേഖരിച്ചപ്പോൾ വിദഗ്ധരുടെ അഭാവം ഉണ്ടായിരുന്നുവെന്ന ആക്ഷേപത്തെ തുടർന്ന്, ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് പരിശോധന.
മിഥുനമാസ പൂജകൾക്കായി നട തുറന്നതിന് പിന്നാലെയാണ് തെളിവെടുപ്പും നടക്കുന്നത്. സന്നിധാനത്തെ പ്രഭാമണ്ഡലവും കട്ടിളപ്പാളിയുടെ താഴത്തെ ഭാഗവും ഇളക്കിയാണ് സംഘം നിലവിൽ പരിശോധന നടത്തുന്നത്. ഇത്തവണ സാമ്പിൾ ശേഖരണം ഉണ്ടാവില്ലെന്നാണ് വിവരം. പകരം, സ്വർണപ്പാളികൾ ഇളക്കി അവിടെ വെച്ചുതന്നെ വിദഗ്ധരുടെ സാന്നിധ്യത്തിൽ പരിശോധനകൾ നടത്താനാണ് എസ്ഐടിയുടെ തീരുമാനം.
മിഥുനമാസ പൂജകൾക്കായി അഞ്ചു മണിയോടെ നട തുറന്നതിനോടൊപ്പമാണ് അന്വേഷണ സംഘം പരിശോധന ആരംഭിച്ചത്. ക്ഷേത്രത്തിലെ പൂജകൾ അവസാനിക്കുന്നതോടുകൂടി പരിശോധനകൾ പൂർത്തീകരിക്കാനാണ് സംഘം ലക്ഷ്യമിടുന്നത്. മറ്റൊരു അവസരത്തിൽ ഇത്തരത്തിലുള്ള പരിശോധനകൾ നടത്താൻ പ്രായോഗികമായ ബുദ്ധിമുട്ട് ഉള്ളതിനാലാണ് നട തുറക്കുന്ന സമയം തന്നെ അധികൃതർ ഇതിനായി തിരഞ്ഞെടുത്തത്.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ


































