വാഷിങ്ടൻ: ഇറാൻ-യുഎസ് സമാധാന കരാർ യാഥാർഥ്യത്തിലേക്ക്. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളിൽ അന്തിമ കരാർ ഒപ്പിടാൻ സാധ്യതയുണ്ടെന്ന് പാക്കിസ്‌ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു.
സമാധാന കരാറിന്റെ ഒപ്പുവയ്‌ക്കൽ ഉടനെ നടക്കുമെന്നും, അടുത്ത ആഴ്‌ച സാങ്കേതിക തലത്തിലുള്ള ചർച്ചകൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ചർച്ചകളിലുടനീളം കാണിച്ച പ്രതിബദ്ധതയ്‌ക്ക് അമേരിക്കയ്‌ക്കും ഇറാനും അദ്ദേഹം നന്ദി അറിയിച്ചു. പിന്തുണ നൽകിയ മേഖലയിലെ മറ്റു രാജ്യങ്ങളോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
പാക്കിസ്‌ഥാന്റെ നേതൃത്വത്തിലാണ് ഇറാൻ-അമേരിക്ക സമാധാന ചർച്ചകൾ നടന്നത്. ഇരുരാജ്യങ്ങളും യുദ്ധം അവസാനിപ്പിക്കാനുള്ള ധാരണാപത്രത്തിന്റെ കരട് അംഗീകരിച്ചെന്ന് ഷഹബാസ് ഷെരീഫ് നേരത്തെ അറിയിച്ചിരുന്നു. ഇതോടെ മൂന്നു മാസത്തിലേറെയായി നീണ്ട യുദ്ധം അവസാനിക്കുകയാണെന്ന പ്രതീക്ഷയിലാണ് ലോകം.
കരാറിലേക്ക് യുഎസും ഇറാനും വളരെയധികം അടുത്തെത്തിയെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും പറഞ്ഞു. കരാർ അന്തിമമാകുന്നതുവരെ ഉള്ളടക്കം സംബന്ധിച്ച ഊഹാപോഹങ്ങൾ മാദ്ധ്യമങ്ങൾ പ്രചരിക്കരുതെന്നും അരാഗ്‌ചി പറഞ്ഞു.
ഇറാനുമായുള്ള സമാധാന കരാർ ഈ വാരാന്ത്യത്തിൽ തന്നെ ഒപ്പിടുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും നേരത്തെ വ്യക്‌തമാക്കിയിരുന്നു. യൂറോപ്പിൽ വെച്ചായിരിക്കും കരാറിൽ ഒപ്പിടുകയെന്നും ഇതിനായുള്ള രേഖകളെല്ലാം തയ്യാറാക്കി വരികയാണെന്നും ട്രംപ് പറഞ്ഞു.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ


































