തിരുവനന്തപുരം: ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ. പ്രോസിക്യൂട്ടറായി നിയമിതനായ കെബി. പ്രദീപ് രാജിവെച്ചു. മുഖ്യമന്ത്രി വിഡി. സതീശൻ പ്രദീപിനോട് രാജി ആവശ്യപ്പെടുകയായിരുന്നു. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിഭാഗത്തുള്ള ചെന്നൈയിലെ സ്വർണം പൂശൽ സ്‌ഥാപനമായ സ്‍മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനായിരുന്ന കെബി. പ്രദീപിനെ ദേവസ്വം സ്‌പെഷ്യൽ പ്‌ളീഡറായി നിയമിച്ചത് വൻ വിവാദമായിരുന്നു.
പ്രതിപക്ഷം സർക്കാരിനെതിരെ വിഷയം ആയുധമാക്കിയിരുന്നു. നടപടിയെ വിമർശിച്ച് മുൻ ദേവസ്വം മന്ത്രി വിഎൻ. വാസവൻ അടക്കം രംഗത്തുവന്നിരുന്നു. സ്വർണക്കൊള്ള കേസിൽ പ്രതിഭാഗത്തുള്ള സ്‌ഥാപനത്തിന്റെ അഭിഭാഷകനെ സ്‌പെഷ്യൽ പ്‌ളീഡറാക്കി നിയമിച്ചത് കേസ് അട്ടിമറിക്കാനാണെന്ന ആരോപണമാണ് പ്രതിപക്ഷം ഉയർത്തിയത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പ്രദീപിനോട് രാജി ആവശ്യപ്പെട്ടത്.
നിയമനത്തിൽ ദേവസ്വം മന്ത്രി കെ. മുരളീധരൻ പ്രതികരിച്ചിരുന്നില്ല. അദ്ദേഹം പങ്കെടുക്കാത്ത മന്ത്രിസഭാ യോഗത്തിലാണ് സർക്കാർ അഭിഭാഷകരുടെ നിയമനം തീരുമാനിച്ചതെന്നാണ് വിവരം. സ്വർണക്കൊള്ള കേസിൽ സ്‍മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെ എസ്ഐടി അറസ്‌റ്റ് ചെയ്‌തിരുന്നു. ഭണ്ഡാരിയുടെ ജാമ്യഹരജികളിലടക്കം പ്രദീപ് ഹാജരാവുകയും ചെയ്‌തിരുന്നു.
ക്ഷേത്ര, ദേവസ്വം കാര്യങ്ങളിൽ വിദഗ്‌ധനാണ് പ്രദീപ്. ശബരിമല മേൽശാന്തിക്കേസിലെ അമിക്കസ് ക്യൂറിയായും കൊട്ടിയൂർ ക്ഷേത്രത്തിലെ അഡ്വ. കമ്മീഷണറായി സേവനം അനുഷ്‌ഠിച്ചതും പ്രദീപിനെ പരിഗണിക്കാൻ കാരണമായെന്നാണ് കരുതുന്നത്. ദേവസ്വം കേസുകൾക്ക് വേണ്ടിയാണോ പ്രദീപിന്റെ നിയമനം എന്ന് സർക്കാർ വ്യക്‌തമാക്കിയിരുന്നില്ല.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം



































