കശുവണ്ടി അഴിമതിക്കേസ്; കെഎ. രതീഷ് ഖാദി ബോർഡ് സെക്രട്ടറി സ്‌ഥാനം രാജിവെച്ചു

രതീഷ് സ്‌ഥാനത്ത്‌ തുടരുന്നത് സംബന്ധിച്ച് ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചതിന് പിന്നാലെ മുഖ്യമന്ത്രി രാജി ആവശ്യപ്പെടുകയായിരുന്നു.

By Senior Reporter, Malabar News
KA Ratheesh
കെഎ. രതീഷ്

തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിലെ ഒന്നാംപ്രതിയും കേരള കശുവണ്ടി വികസന കോർപറേഷന്റെ മുൻ മാനേജിങ് ഡയറക്‌ടറുമായ കെഎ. രതീഷ് ഖാദി ബോർഡ് സെക്രട്ടറി സ്‌ഥാനം രാജിവെച്ചു.

രതീഷ് സ്‌ഥാനത്ത്‌ തുടരുന്നത് സംബന്ധിച്ച് ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചതിന് പിന്നാലെ മുഖ്യമന്ത്രി രാജി ആവശ്യപ്പെടുകയായിരുന്നു. അഴിമതിക്കേസിൽ സിബിഐക്ക് സർക്കാർ പ്രോസിക്യൂഷന് അനുമതി നൽകിയ വ്യക്‌തി മൂന്ന് സ്‌ഥാപനങ്ങളുടെ തലപ്പത്ത് തുടരുന്നതിൽ ഹൈക്കോടതി കഴിഞ്ഞദിവസം അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു.

ഗുരുതരമായ അഴിമതിക്കേസിൽ പ്രതിയായിട്ടുള്ള ആളെ എങ്ങനെയാണ് നിർണായക പദവികളിൽ തുടരാൻ അനുവദിക്കുന്നതെന്ന് സർക്കാർ ചർച്ച ചെയ്യണമെന്ന് ജസ്‌റ്റിസ്‌ എ. ബദറുദീൻ അഭിപ്രായപ്പെട്ടിരുന്നു. നിലവിൽ കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് സെക്രട്ടറി, റൂട്രോണിക്‌സ് (കേരള സംസ്‌ഥാന ഗ്രാമീണ വനിതാ ഇലക്‌ട്രോണിക്‌സ് വ്യാവസായിക സഹകരണ ഫെഡറേഷൻ ലിമിറ്റഡ്) മാനേജിങ് ഡയറക്‌ടർ, കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ തുടങ്ങിയ പദവികളാണ് രതീഷ് വഹിക്കുന്നത്.

2006 മുതൽ 2015 വരെയുള്ള തോട്ടണ്ടി ഇറക്കുമതിയിൽ കോടികളുടെ അഴിമതി നടന്നുവെന്ന ഹരജിയിൽ ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. വിദേശത്ത് നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്‌തതില്‍ 500 കോടിയുടെ ക്രമക്കേട് നടന്നെന്നാണ് സിബിഐയുടെ കണ്ടെത്തൽ.

രതീഷ് ഒന്നാംപ്രതിയും ഐഎൻടിയുസി സംസ്‌ഥാന പ്രസിഡണ്ട് ആർ. ചന്ദ്രശേഖരൻ മൂന്നാം പ്രതിയുമാണ്. ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതിക്കായി സിബിഐ അപേക്ഷിച്ചിട്ടും സർക്കാർ വഴങ്ങിയിരുന്നില്ല. എന്നാൽ, കോടതി ഇടപെടുകയും കോടതിയലക്ഷ്യ നടപടികളിലേക്ക് കടക്കുകയും ചെയ്‌തതോടെയാണ്‌ പുതിയ സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയത്.

Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE