മലപ്പുറം: പാണക്കാട് എടയ്പ്പാലത്തിന് സമീപം കരുവാരക്കുണ്ടിൽ വീണ്ടും മണ്ണിടിച്ചിൽ. പരപ്പനങ്ങാടി-നാടുകാണി സംസ്ഥാന പാതയിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. രാവിലെ ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് റിപ്പോർട്ടിങ്ങിനായി മാദ്ധ്യമ പ്രവർത്തകരടക്കം നൂറോളം പേർ നിൽക്കുമ്പോഴാണ് വീണ്ടും മണ്ണിടിഞ്ഞ് താഴേക്ക് പതിച്ചത്.
മണ്ണിടിയുന്നത് കണ്ട് ആളുകൾ ഓടിമാറിയതിനാൽ അപകടം ഒഴിവായി. ചിലർക്ക് ഓടുന്നതിനിടയിൽ വീണ് പരിക്കേറ്റിട്ടുണ്ട്. പത്തടി ഉയരത്തിലാണ് മണ്ണിടിഞ്ഞത്. മണ്ണിനടിയിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധന ആരംഭിച്ചു. മണ്ണുമാന്തിയടക്കം സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. കടലുണ്ടി പുഴയുടെ സമീപത്തുള്ള കുന്നാണ് ഇടിഞ്ഞുവീണത്. ഇതിന് സമീപം അടുത്തിടെ മണ്ണെടുത്തിരുന്നു.
നിലവിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. അശാസ്ത്രീയമായി ജെസിബി ഉപയോഗിച്ച് മണ്ണെടുത്തതാണ് മണ്ണിടിയുന്നതിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു. നേരത്തെ തന്നെ അധികൃതരെ വിവരം അറിയിച്ചിരുന്നെങ്കിലും ഇടപെട്ടില്ലെന്നും നാട്ടുകാർ ആരോപിച്ചു.
കനത്ത മഴയിൽ പമ്പാ മണപ്പുറത്ത് പലയിടത്തെയും മണ്ണ് ഒലിച്ചുപോയി. വനമേഖലയിൽ ഇപ്പോഴും മഴ ശക്തമായി തുടരുകയാണ്. മൂവാറ്റുപുഴയാറിലും തൊടുപുഴയാറിലും ജലനിരപ്പ്, മുന്നറിയിപ്പ് നില പിന്നിട്ടു. നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകി. ആലപ്പുഴ ജില്ലയിൽ എടത്വയിലെ മുട്ടാർ പഞ്ചായത്ത് ഒറ്റപ്പെട്ടു.
Most Read| കോമൺവെൽത്ത് ഗെയിംസ്; 13 സ്വർണമടക്കം മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത്



































