ഗ്ളാസ്റോ: 2026 കോമൺവെൽത്ത് ഗെയിംസിന് തിരശ്ശീല വീഴുമ്പോൾ മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്‌ഥാനത്ത്. 13 സ്വർണമടക്കം 39 മെഡലുകളാണ് ഇന്ത്യ നേടിയത്. ഓസ്‌ട്രേലിയ 70 സ്വർണമടക്കം 171 മെഡലുമായി ഒന്നാം സ്‌ഥാനത്ത് ആധിപത്യം തുടർന്നു.
ബോക്‌സിങ് താരങ്ങളുടെ സ്വർണക്കൊയ്‌ത്തിന്റെ സഹായത്തോടെയാണ് മെഡൽ പട്ടികയിൽ നാലാം സ്‌ഥാനം നിലനിർത്താൻ ഇന്ത്യക്കായത്. ഏഴ് സ്വർണമാണ് റിങ്ങിൽ ഇന്ത്യ ഇടിച്ചിട്ടത്. മൂന്ന് വെള്ളിയും നേടി. വനിതാ ബോക്‌സർമാരാണ് അഞ്ച് സ്വർണം നേടിയത്. സെമിയിൽ കടന്ന പത്ത് ഇന്ത്യൻ താരങ്ങളും ഫൈനലിൽ കടന്നിരുന്നു.
ജൂഡോയിൽ രണ്ട് സ്വർണം നേടി ഇന്ത്യ ചരിത്രം കുറിച്ചു. ഗെയിംസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ജൂഡോയിൽ സ്വർണം നേടിയത്. വനിതകളുടെ 48 കിലോമീറ്റർ വിഭാഗത്തിൽ അസ്‌മിത ഡെയും പുരുഷൻമാരുടെ 60 കിലോ വിഭാഗത്തിൽ ഹർഷ് സിങ്ങുമാണ് ഇന്ത്യയെ പൊന്നണിയിച്ചത്.
പാരാ അത്‌ലറ്റിക്‌സിൽ മൂന്ന് സ്വർണം നേടിയ ഇന്ത്യയുടെ പ്രകടനം ശ്രദ്ധേയമാണ്. നൂറുമീറ്ററിൽ ദീലീപ് ഗവിറ്റ് സ്വർണം നേടിയപ്പോൾ മലയാളി താരം മുഹമ്മദ് ബാസിൽ വെള്ളിയുമായി മിന്നി. അത്‌ലറ്റിക്‌സിൽ സ്വർണം നേടാനായില്ലെങ്കിലും ഭേദപ്പെട്ട പ്രകടനമായിരുന്നു ഇന്ത്യയുടേത്. ലോകോത്തര താരങ്ങൾ അണിനിരന്ന ലോങ്‌ജംപ് മൽസരത്തിലാണ് മലയാളി താരം എം ശ്രീശങ്കർ വെള്ളി നേടിയത്.
ഹൈജംപിൽ ആദ്യമായി ഇന്ത്യക്ക് വെള്ളി മെഡൽ സമ്മാനിക്കാൻ സർവ്വേശ് കുശാരയ്‌ക്ക് കഴിഞ്ഞു. ജാവലിൻ ത്രോയിൽ നീരജ് ചോപ്രയുടെ വെള്ളിമെഡൽ പ്രകടനത്തെക്കാൾ യഷ് വീർസിങ്ങിന്റെ വെങ്കലത്തിനാണ് കൈയ്യടി ലഭിച്ചത്. ട്രിപ്പിൾ ജംപിലും ഇന്ത്യക്ക് ഇരട്ടമെടൽ നേടാനായി. പ്രവീൺ ചിത്രവേൽ രണ്ടാമതും സെൽവപ്രഭു മൂന്നാമതുമായി.
ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവിന്റെ ഹാട്രിക് സ്വർണ പ്രകടനമാണ് ഇന്ത്യയുടെ മാനം കാത്തത്. മുൻപ് ഇന്ത്യ ആധിപത്യം പുലർത്തിയിരുന്ന ഭാരോദ്വഹനത്തിൽ ഒരു സ്വർണമടക്കം എട്ടുമെഡലുകളാണ് ഇന്ത്യക്ക് ലഭിച്ചത്. ഓസ്‍ട്രേലിയയിലെ വിക്‌ടോറിയയിൽ ആയിരുന്നു 23ആംമത് ഗെയിംസിന്റെ വേദിയായി നിശ്‌ചയിച്ചിരുന്നത്.
സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരിൽ വിക്‌ടോറിയ പിൻമാറിയതോടെയാണ് ഗ്ളാസ്‌റോ വേദിയായത്. ഇതോടെ, ഒരുക്കങ്ങൾക്കുള്ള സമയക്കുറവ് കാരണം മൽസര ഇനങ്ങൾ 11 ആയി ചുരുക്കി. കഴിഞ്ഞ ബർമിങ്ങാം ഗെയിംസിൽ 26 ഇനങ്ങൾ ഉണ്ടായിരുന്നു. ഇന്ത്യയുടെ മെഡൽ നേട്ടങ്ങളെ ഇത് കാര്യമായി ബാധിച്ചു. ഇന്ത്യ മെഡലുകൾ വാരിക്കൂട്ടിയിരുന്ന ഷൂട്ടിങ്, ഗുസ്‌തി, ബാഡ്‌മിന്റൺ, ടേബിൾ ടെന്നീസ് തുടങ്ങിയവ ഇത്തവണ ഉണ്ടായിരുന്നില്ല.
Most Read| മൂന്നുപതിറ്റാണ്ട് നീണ്ട പൗണ്ട് കീപ്പർ ജോലി; അവസാന ജീവനക്കാരിയും പടിയിറങ്ങി



































