തിരുവനന്തപുരം: ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയിലിന്റെ അപ്രതീക്ഷിത പ്രകടനം കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തെ ആവേശക്കൊടുമുടിയിലേറ്റി. ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം നേരിൽ കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകരെങ്കിലും, അത് സാധ്യമാകുമോ എന്നത് അവസാന നിമിഷം വരെ സസ്‌പെൻസിൽ തുടരുകയായിരുന്നു.
എന്നാൽ, കേരള ക്രിക്കറ്റ് ലീഗിലെ ബ്ളൂ ടൈഗേഴ്‌സ്-തൃശൂര്‍ ടൈറ്റന്‍സ് മൽസരത്തിന് ശേഷമാണ് കാണികൾക്ക് ആവേശമായി ‘യൂണിവേഴ്‌സ് ബോസ്’ നേരിട്ട് മൈതാനത്തിറങ്ങിയത്. ഇതോടെ സ്‌റ്റേഡിയമാകെ ഹർഷാരവങ്ങളാൽ ആഘോഷ തിമർപ്പിലായി. ആരാധകർക്ക് വേണ്ടി ബാറ്റ് കയ്യിലെടുത്ത ഗെയ്ൽ ഗ്രീൻഫീൽഡിൽ സിക്‌സർ മഴ തന്നെ പെയ്യിക്കുകയായിരുന്നു.
മുൻ ഇന്ത്യൻ താരവും മലയാളിയുമായ എസ്. ശ്രീശാന്ത്, കൊച്ചി ബ്ളൂ ടൈഗേഴ്‌സ് ഉടമ സുഭാഷ് മാനുവൽ, തൃശൂർ ടൈറ്റൻസിന്‍റെ യുവതാരം മുഹമ്മദ് ഇനാൻ എന്നിവരാണ് ഗെയിലിന് പന്തെറിയാൻ എത്തിയത്. ഇവർ എറിഞ്ഞ പന്തുകളെല്ലാം ഗെയ്ൽ അനായാസം ബൗണ്ടറി കടത്തി. പിന്നീട് ബാറ്റ് വീശാൻ ശ്രീശാന്തും ഇറങ്ങി. ശ്രീശാന്തിനെതിരെ സാക്ഷാൽ ക്രിസ് ഗെയ്ൽ തന്നെ പന്തെറിഞ്ഞത് കാണികൾക്ക് ഇരട്ടിമധുരമായി.
വെടിക്കെട്ട് ബാറ്റിങ്ങിന് പുറമെ തന്റെ കിടിലൻ നർമ്മബോധം കൊണ്ടും ഗെയ്ൽ ആരാധകരുടെ മനംകവർന്നു. ശ്രീശാന്തിന്റെ ശിക്ഷണത്തിൽ മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ ആക്ഷൻ അനുകരിച്ച ഗെയ്ൽ, സദസിനെ നോക്കി “എന്താ മോനെ ദിനേശാ…” എന്ന് പറഞ്ഞത് ഗ്യാലറിയിൽ ചിരിപ്പൂരമൊരുക്കി. കാണികളോട് അദ്ദേഹം മലയാളത്തിൽ സംസാരിക്കുകയും അവരിലൊരാളായി ഇടപഴകുകയും ചെയ്‌തു.

ചടങ്ങിൽ കേരള ക്രിക്കറ്റ് അസോസിയേഷന് വേണ്ടി സെക്രട്ടറി വിനോദ് എസ്. കുമാർ ക്രിസ് ഗെയിലിനെ ആദരിച്ചു. കളിക്കളത്തിലെ ഗൗരവങ്ങൾ മാറ്റിവെച്ച് തങ്ങളുടെ പ്രിയതാരം ഗ്രീൻഫീൽഡിൽ നിറഞ്ഞാടിയത് കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്ക് പകരം വെക്കാനില്ലാത്ത ഒരു നവ്യാനുഭവമായി മാറി.
ക്രിസ് ഗെയ്ൽ നാളെ പുതുപ്പള്ളിയിൽ
ക്രിസ് ഗെയ്ൽ നാളെ പുതുപ്പള്ളിയിലെത്തും. രാവിലെ പത്തുമണിയോടെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്‌പാർച്ചന നടത്തിയ ശേഷം ജോർജിയൻ പബ്ളിക് സ്‌കൂൾ ഗ്രൗണ്ടിലെ പൊതുപരിപാടിയിൽ പങ്കെടുക്കും.
പുതുപ്പള്ളിയുടെ കലാ- സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന കഥകളി, പുലിക്കളി, കൂടിയാട്ടം, കളരിപ്പയറ്റ്, തിരുവാതിര, കൂത്ത്, പഞ്ചാരിമേളം ഉൾപ്പടെ 11 കലാരൂപങ്ങൾ അണിനിരക്കുന്ന ഘോഷയാത്രയോടെയാകും ഗെയ്‌ലിന് സ്വീകരണം നൽകുക. പുതുപ്പള്ളി പൈതൃക സാംസ്‌കാരിക സമിതിയുടെ ലോഗോ പ്രകാശനവും വിദ്യാർഥികളുമായുള്ള സംവാദവും തുടർന്ന് നടക്കും.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം






































