പ്രയാഗ്‌രാജ്: സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിനി സമർപ്പിച്ച ഹരജി അലഹാബാദ് ഹൈക്കോടതി തള്ളി. വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ ഡ്രസ് കോഡ് ലംഘിക്കാൻ ഒരു വിദ്യാർഥിക്കും അനുവാദമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്.
ഹിജാബ് ഒഴിവാക്കാനാകാത്ത മതാചാരമല്ലെന്നും അങ്ങനെയാണെന്ന് തെളിയിക്കുന്ന വസ്‌തുതകൾ ഹരജിക്കാരി ഹാജരാക്കിയിട്ടില്ലെന്നും കോടതി പറഞ്ഞു. സ്‌കൂളിൽ യൂണിഫോമിനൊപ്പം ഹിജാബും ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുകന്യ റിസ്‌വി എന്ന വിദ്യാർഥിനിയാണ് മാതാവ് മുഖേന ഹൈക്കോടതിയെ സമീപിച്ചത്. പ്രയാഗ്‌രാജിലെ സ്വകാര്യ സ്‌കൂളിൽ പത്താം ക്ളാസ് പാസായതിന് ശേഷം ഇതേ സ്‌കൂളിൽ പ്ളസ് വൺ ക്ളാസിലേക്ക് അഡ്‌മിഷന് കാത്തുനിൽക്കുകയാണ് കുട്ടി.
ഹിജാബും ശിരോവസ്‌ത്രവും ധരിക്കുന്നത് ഇസ്‌ലാം ആചാരപ്രകാരം ഒഴിച്ചുകൂടാനാകാത്തത് ആണെന്നും ഇതേ സ്‌കൂളിൽ ആറാം ക്ളാസ് മുതൽ താൻ ഹിജാബ് ധരിച്ച് വരുന്നുണ്ടെന്നും എന്നാൽ പ്ളസ് വൺ പ്രവേശനത്തിന്റെ സമയത്ത്, ഹിജാബ് ധരിക്കുന്നത് ഡ്രസ് കോഡിന്റെ ലംഘനമാണെന്ന് പറഞ്ഞ് മാനേജ്മെന്റ് പ്രവേശനം നിഷേധിച്ചെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, സ്‌കൂളിലെ വിവിധ ക്ളാസുകളിൽ നിന്നുള്ള ചിത്രങ്ങൾ പരിശോധിച്ചതിൽ നിന്ന് ഹരജിക്കാരി ഒഴികെ, ഇസ്‌ലാം മതവിഭാഗത്തിൽപ്പെടുന്ന മറ്റു കുട്ടികളടക്കം ആരും ഹിജാബ് ധരിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇസ്‌ലാമിൽ ഹിജാബ് ഒഴിച്ചുകൂടാനാകാത്തതാണെന്ന വാദവും ജഡ്‌ജിമാരായ ജെജെ മുനീർ, ഇന്ദ്രജിത് ശുക്ള എന്നിവരടങ്ങിയ ബെഞ്ച് തള്ളി.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം



































