ന്യൂഡൽഹി: ലൈംഗികാരോപണ കേസിൽ ഗുസ്‌തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ കുറ്റവിമുക്‌തനാക്കി ഡെൽഹി റൗസ് അവന്യൂ കോടതി. ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് വനിതാ ഗുസ്‌തി താരങ്ങളാണ് ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയിരുന്നത്.
അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (എസിജെഎം) അശ്വനി പൻവാറാണ് കേസിൽ വിധി പ്രസ്‌താവിച്ചത്. ബ്രിജ് ഭൂഷനൊപ്പം കേസിൽ പ്രതിയായ ഡബ്ള്യുഎഫ്ഐ മുൻ അസിസ്‌റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെയും കോടതി കുറ്റവിമുക്‌തനാക്കിയിട്ടുണ്ട്. കുറ്റപത്രം സമർപ്പിച്ച് മൂന്നുവർഷത്തിന് ശേഷമാണ് വിധി.
2023ൽ ജന്തർ മന്തറിൽ വനിതാ ഗുസ്‌തി താരങ്ങൾ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് ബ്രിജ് ഭൂഷണെ പ്രതിയാക്കി ഡെൽഹി പോലീസ് കേസെടുത്തത്. ഇന്ത്യൻ റെസ്‌ലിങ് ഫെഡറേഷന്റെ ചുമതല വഹിച്ച സമയത്ത് ഇന്ത്യയിലും വിദേശത്തും വെച്ച് വനിതാ ഗുസ്‌തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. 2023 ജൂൺ 15നാണ് 1500 പേജുള്ള കുറ്റപത്രം പോലീസ് കോടതിയിൽ സമർപ്പിച്ചത്.
എന്നാൽ, ദീർഘനാളത്തെ വിചാരണാ നടപടികൾക്ക് ശേഷം തെളിവുകളുടെ അഭാവത്തിൽ പ്രതികളെ കുറ്റവിമുക്‌തരാക്കുകയായിരുന്നു. കേസിലെ വിചാരണ പൂർത്തിയാകുന്നതുവരെ ജാമ്യത്തിലായിരുന്നു ഇരുവരും. പരാതിക്കാരായ ഗുസ്‌തി താരങ്ങൾക്കായി മുതിർന്ന അഭിഭാഷക റബേക്ക ജോണും പ്രതിഭാഗത്തിനായി അഭിഭാഷകൻ രാജീവ് മോഹനും കോടതിയിൽ ഹാജരായി.
Most Read| കശുവണ്ടി അഴിമതിക്കേസ്; കെഎ. രതീഷ് ഖാദി ബോർഡ് സെക്രട്ടറി സ്‌ഥാനം രാജിവെച്ചു




































