ന്യൂഡെൽഹി: ഗുസ്‌തി താരം ബജ്‌രംഗ് പുനിയയ്‌ക്ക് സമ്പൂർണ വിലക്കേർപ്പെടുത്തി ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ). നാലുവർഷത്തേക്കാണ് വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയ്‌ക്ക് സാമ്പിൾ നൽകാൻ വിസമ്മതിച്ചതിനാണ് താരത്തിന് സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയത്. ഇക്കാലയളവിൽ മൽസരങ്ങളിൽ പങ്കെടുക്കാനോ വിദേശത്ത് പോലും പരിശീലക ജോലി ചെയ്യാനോ കഴിയില്ല.
ദേശീയ ടീം സെലക്ഷന്റെ സമയത്ത് ഇക്കഴിഞ്ഞ മാർച്ച് പത്തിനാണ് ഉത്തേജക പരിശോധനയ്‌ക്ക് സാമ്പിൾ നൽകാൻ പുനിയ വിസമ്മതിച്ചത്. തുടർന്ന് ഏപ്രിൽ 23ന് പുനിയയ്‌ക്ക് വിലക്കേർപ്പെടുത്തി നാഡ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെ രാജ്യാന്തര സംഘടനയായ യുഡബ്ളുഡബ്ളുവും വിലക്കുമായി രംഗത്തെത്തിയിരുന്നു.
കാലാവധി കഴിഞ്ഞ കിറ്റുകൾ പരിശോധനയ്‌ക്ക് നൽകിയെന്ന കാരണത്താലായിരുന്നു പുനിയയുടെ നിസഹകരണം. പരിശോധനയ്‌ക്ക് തയ്യാറാണെന്നും എന്നാൽ കിറ്റുകളിൽ വ്യക്‌തത വേണമെന്നും പുനിയ നാഡയോട് ആവശ്യപ്പെട്ടിരിക്കുന്നു. ഏപ്രിൽ 23 മുതൽ നാലുവർഷത്തേക്കാണ് വിലക്കെന്ന് നാഡ അറിയിച്ചു.
നേരത്തെ ബ്രിജ് ഭൂഷണെതിരായ പ്രതിഷേധങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന ഗുസ്‌തി താരമായിരുന്നു പുനിയ. പിന്നീട് വിനേഷ് ഫോഗട്ടിനൊപ്പം കോൺഗ്രസിൽ ചേർന്നിരുന്നു. ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്കലം നേടി ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ താരം കൂടിയാണ് പുനിയ.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!