ബത്തേരി: വയനാട്ടിൽ ഒരു കുട്ടിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂളിലെ വിദ്യാർഥികൾക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം ഒമ്പതായി. ഇന്നലെ അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
പകർച്ചവ്യാധി നിരീക്ഷണവും പ്രതിരോധ നിയന്ത്രണ ബോധവൽക്കരണ പ്രവർത്തനങ്ങളും ജില്ലയിലെ മുഴുവൻ പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെടി. രേഖ അറിയിച്ചു. രോഗം സ്ഥിരീകരിച്ച കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡിഎംഒ അറിയിച്ചു.
ഇതുവരെ 514 പേരിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. ഇന്ന് പത്തുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ 45 പേരാണ് വിവിധ ആശുപത്രികളിൽ ചികിൽസയിൽ ഉള്ളത്. ഇതുവരെ 174 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. ഫീൽഡ്തല രോഗനിരീക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി 2227 വീടുകളിൽ ആരോഗ്യ പ്രവർത്തകർ സന്ദർശനം നടത്തി. ജില്ലയിലെ 1330 കിണറുകൾ ക്ളോറിനേറ്റ് ചെയ്തു.
അതേസമയം, ഷിഗെല്ല റിപ്പോർട് ചെയ്ത സ്കൂളിലെ വിദ്യാർഥികൾക്ക് അവധി പ്രഖ്യാപിച്ചു. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഈ കുട്ടികൾ എല്ലാവരും വീട്ടിൽ സുരക്ഷിതരാണോ എന്നും അവർക്ക് ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടോയെന്നും ആരോഗ്യ പ്രവർത്തകർ നിരീക്ഷിക്കുന്നുണ്ട്.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!




































