സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!

പതിറ്റാണ്ടുകളായി ഗവേഷകരെയും പ്രദേശവാസികളെയും ഒരുപോലെ അമ്പരപ്പിക്കുന്ന 'ട്രാവന്റ് സ്‌റ്റോൺസ്' എന്നറിയപ്പെടുന്ന ഈ കല്ലുകൾ റൊമാനിയയിലെ കോസ്‌റ്റെസ്‌റ്റി എന്ന ചെറുഗ്രാമത്തിലാണ് പ്രധാനമായും ഉള്ളത്.

By Senior Reporter, Malabar News
ട്രാവന്റ് സ്‌റ്റോൺസ് (PIC: Geology In)
Ajwa Travels

നിഷ്‌ക്രിയരായ മനുഷ്യരെ കാണുമ്പോൾ കല്ല് പോലെയിരിക്കുന്നു എന്ന് പറഞ്ഞ് പരിഹസിക്കുന്നത് അവ അത്രത്തോളം ജീവനില്ലാത്തവ ആയതുകൊണ്ട് തന്നെയാണ്. ഒരുതരത്തിലും അനങ്ങാതെ ജീവന്റെ യാതൊരു ലക്ഷണങ്ങളും ഇല്ലാതെ നിൽക്കുന്നവയാണ് കല്ലുകളും പാറകളും. എന്നാൽ, ഈ ധാരണകളൊക്കെ തിരുത്താൻ തയ്യാറായിക്കോളൂ.

സ്വന്തമായി വളരാനും രൂപം മാറാനും എന്തിനേറെ പ്രത്യുൽപ്പാദനം നടത്താൻ പോലും കഴിവുള്ള കല്ലുകൾ ഭൂമിയിൽ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാനാവുമോ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ നമുക്ക് റൊമാനിയയിലേക്ക് പോകാം. അവിടെയാണ് ഈ സവിശേഷമായ അൽഭുത കല്ലുള്ളത്.

പതിറ്റാണ്ടുകളായി ഗവേഷകരെയും പ്രദേശവാസികളെയും ഒരുപോലെ അമ്പരപ്പിക്കുന്ന ‘ട്രാവന്റ് സ്‌റ്റോൺസ്’ എന്നറിയപ്പെടുന്ന ഈ കല്ലുകൾ റൊമാനിയയിലെ കോസ്‌റ്റെസ്‌റ്റി എന്ന ചെറുഗ്രാമത്തിലാണ് പ്രധാനമായും ഉള്ളത്. പെബിൾ രൂപത്തിലുള്ളവ മുതൽ 15 അടി ഉയരം ചെന്ന പാറ കണക്കെയുള്ളവ വരെ ട്രാവന്റ് സ്‌റ്റോൺസ് കുടുംബത്തിൽ ഉണ്ട്.

അടിക്കടി ഇവ വളരുകയും ആകൃതി മാറുകയും ചെയ്യുന്നുണ്ടെന്ന് മനസിലാക്കിയ പ്രദേശവാസികളാണ് ഇവയെ ജീവനുള്ള കല്ലുകൾ എന്ന് ആദ്യം വിശേഷിപ്പിച്ചത്. ഈ ആകൃതി മാറ്റത്തിനുമപ്പുറം വലിയ ട്രാവന്റ് സ്‌റ്റോണുകളിൽ നിന്നും പുതിയ കല്ലുകൾ ഉണ്ടാവുകയും അവ അടർന്നുമാറി സ്വയം വളർന്ന് തുടങ്ങുകയും ചെയ്യും. ഈ സവിശേഷത കണ്ടെത്തിയതിയതോടെ ട്രാവന്റ് സ്‌റ്റോണുകളുടെ പ്രത്യുൽപ്പാദനം നടത്താനുള്ള കഴിവായി ഇത് വ്യാഖ്യാനിക്കപ്പെട്ടു.

ട്രാവന്റ് സ്‌റ്റോണുകളുടെ അതിശയിപ്പിക്കുന്ന ഈ കഴിവുകൾക്ക് പിന്നിൽ വ്യക്‌തമായ ശാസ്‌ത്രീയ കാര്യങ്ങളുണ്ടെന്ന് ഗവേഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഉറച്ച നിലയിൽ ദൃഢതയേറിയ രീതിയിലാണ് കല്ലുകളുടെ അന്തർഭാഗം. എന്നാൽ, ഇതിന് പുറമെയുള്ള ഭാഗങ്ങൾ മണൽകൊണ്ട് നിർമിതമായ അവരണങ്ങളാണ്. ട്രാവന്റുകളുടെ വളർച്ച അവയുടെ ഈ ഘടനയുമായി പാരിസ്‌ഥിതിക സാഹചര്യങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു.

ട്രാവന്റ് കല്ലുകളിൽ ചില രാസപദാർഥങ്ങൾ അടങ്ങിയിട്ടുണ്ട്. മഴ പെയ്യുന്ന സമയത്ത് മഴ വെള്ളത്തിലെ ധാതുക്കൾ ഈ രാസപദാർഥങ്ങളുമായി കൂടിക്കലരും. ഇതിന്റെ ഫലമായി കല്ലുകൾക്കുള്ളിൽ സമ്മർദ്ദം സൃഷ്‌ടിക്കപ്പെടുകയും ചെയ്യും. ഈ പ്രവർത്തനത്തെ തുടർന്നാണ് ഇവ വികസിക്കുന്നത്, അല്ലെങ്കിൽ വളരുന്നത്. ഇത് ഗവേഷകരും ശരിവെച്ചിട്ടുമുണ്ട്.

എന്നാൽ, കല്ലുകൾ നിന്നനിൽപ്പിൽ മറ്റു ജീവജാലങ്ങളെ പോലെ വളരാറില്ല. ഓരോ 1000 വർഷത്തിലും ഏകദേശം 1.5 മുതൽ 2 ഇഞ്ച് വരെ എന്ന കണക്കിൽ മന്ദഗതിയിലാണ് ഇവയുടെ വളർച്ചാ നിരക്ക്. ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പാണ് ട്രാവന്റ് സ്‌റ്റോണുകളുടെ ഉൽഭവം എന്നാണ് കണക്കാക്കുന്നത്. ഏകദേശം 5.3 ദശലക്ഷം വർഷങ്ങൾക്ക് മുൻ മധ്യ മയോസീൻ ഉപയുഗത്തിലാണ് ഈ കല്ലുകൾ രൂപപ്പെട്ടതെന്ന് ശാസ്‌ത്ര ലോകം വിശ്വസിക്കുന്നു.

Most Read| വിവാഹിതരായ പുരുഷൻമാർക്ക് ഉത്തമ വാർധക്യം; പുതിയ പഠനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE