ദോഹ: 2026ലെ ഫിഫ ലോകകപ്പിനുള്ള 26 അംഗ ഖത്തർ ദേശീയ ഫുട്ബോൾ ടീമിൽ ഇടംപിടിച്ച് മലയാളിയായ തഹ്സിൻ മുഹമ്മദ് ജംഷിദ്. കണ്ണൂർ തലശ്ശേരി സ്വദേശിയായ ഈ 19കാരൻ ലോകകപ്പ് ടീമിൽ ഇടംനേടുന്ന ആദ്യ മലയാളിയാണ്. സാധ്യതാ ടീമിൽ നേരത്തെ ഇടം നേടിയിരുന്നു.
തഹ്സിൻ അന്തിമ ഇലവനിൽക്കൂടി ഉൾപ്പെട്ടാൽ ലോകകപ്പ് ചരിത്രത്തിൽ അതൊരു സുവർണ അധ്യായമാകും. ഖത്തറിൽ ചീഫ് അക്കൗണ്ടന്റായ തലശ്ശേരി ഹിബാസിൽ ജംഷിദിന്റെയും വളപട്ടണം ഷൈമാസിൽ ഷൈമയുടെയും രണ്ടാമത്തെ മകനാണ് തഹ്സിൻ. ജനിച്ചതും വളർന്നതുമെല്ലാം ഖത്തറിലാണ്.
ചെറുപ്രായത്തിൽ തന്നെ ഖത്തർ യൂത്ത് ടീമുകളിൽ തഹ്സിന് ഇടം ലഭിച്ചു. 17ആം വയസിൽ ഖത്തർ സ്റ്റാർസ് ലീഗ് ക്ളബായ അൽ ദുഹൈലിലേക്ക്. സ്റ്റാർസ് ലീഗിൽ കളിച്ച ആദ്യ ഇന്ത്യക്കാരനാണ് തഹ്സിൻ. ഖത്തർ ദേശീയ ടീമിനായി അണ്ടർ 16, അണ്ടർ 17, അണ്ടർ 19 വിഭാഗങ്ങളിലും കളിച്ചിട്ടുണ്ട്.
സൂപ്പർ താരം അക്രം അഫീഫാണ് ഖത്തർ മുന്നേറ്റനിരയെ നയിക്കുക. 126 മൽസരങ്ങളിൽ നിന്ന് 60 ഗോളുകൾ നേടി ഖത്തറിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ അൽമോയസ് അലിയും സംഘത്തിലുണ്ട്. പരിചയ സമ്പന്നരായ ഹസ്സൻ അൽ ഹൈദോസ്, ബൗലെം ഖൂവി തുടങ്ങിയ പ്രമുഖരും ടീമിന്റെ കരുത്താണ്.
ജൂൺ 11 മുതൽ യുഎസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ നടക്കുന്ന ലോകകപ്പിൽ ഗ്രൂപ്പ് ബിയിൽ കാനഡ, സ്വിറ്റ്സർലൻഡ് ബോസ്നിയ ഹർസെഗോവിന എന്നീ ടീമുകൾക്കൊപ്പമാണ് ഖത്തറിന്റെ സ്ഥാനം. 2022 ലോക്കപ്പിൽ ആഥിതേയരായിരുന്ന ഖത്തർ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായിരുന്നു.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു







































