ന്യൂഡൽഹി: ഗുസ്‌തി ഫെഡറേഷൻ മുൻ അധ്യക്ഷനായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗികാരോപണ കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തി ഗുസ്‌തി താരം വിനേഷ് ഫോഗട്ട്. ബ്രിജ് ഭൂഷണെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പരാതി നൽകിയ വനിതാ ഗുസ്‌തി താരങ്ങളിൽ ഒരാൾ താനാണെന്നാണ് വിനേഷ് ഫോഗട്ടിന്റെ വെളിപ്പെടുത്തൽ.
”ഇരകളുടെ പേര് വെളിപ്പെടുത്തരുതെന്ന് സുപ്രീം കോടതി മാർഗനിർദ്ദേശങ്ങൾ പറയുന്നുണ്ട്. എന്നാൽ ഇന്നത്തെ ചില സാഹചര്യങ്ങൾ കാരണമാണ് ഈ വെളിപ്പെടുത്തൽ. പരാതി നൽകിയ ആറ് ഇരകളിൽ ഒരാൾ ഞാനാണ്. ഞങ്ങളുടെ മൊഴികൾ രേഖപ്പെടുത്തുന്നത് തുടരുകയാണ്”- സാമൂഹിക മാദ്ധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ വിനേഷ് വ്യക്‌തമാക്കി.
അതിജീവിതമാരുടെ അന്തസും ആഭിജാത്യയും സംരക്ഷിക്കുന്നതിനായി പേര് വെളിപ്പെടുത്തേണ്ടതില്ലെന്ന് താൻ നേരത്തെ തീരുമാനിച്ചിരുന്നതായും നിയമനടപടികൾ തുടരട്ടെ എന്ന് കരുതിയതായും വിനേഷ് പറഞ്ഞു. ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്.
അതേസമയം, ബ്രിജ് ഭൂഷണ് ശക്‌തമായ സ്വാധീനമുള്ള ഉത്തർപ്രദേശിലെ ഗോണ്ടയിൽ ടൂർണമെന്റുകളും ട്രയൽസുകളും നടത്താനുള്ള റസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ തീരുമാനമാണ് വിനേഷിനെ ഇപ്പോൾ പ്രതികരിക്കാൻ പ്രേരിപ്പിച്ചത്. ബ്രിജ് ഭൂഷണിന്റെ ഉടമസ്‌ഥതയിലുള്ള സ്വകാര്യ കോളേജിലാണ് ട്രെയൽസ് നടക്കുന്നത്. ഇത് മൽസരത്തിന്റെ സുതാര്യതയെ ബാധിക്കുമെന്ന് വിനേഷ് ആശങ്ക പ്രകടിപ്പിച്ചു.
ബ്രിജ് ഭൂഷണെതിരെ കുറ്റം ചുമത്താൻ മതിയായ തെളിവുകൾ ഉണ്ടെന്ന് ഡെൽഹിയിലെ റോസ് അവന്യൂ കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ബ്രിജ് ഭൂഷൺ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതോടെ കേസിൽ വിചാരണ ആരംഭിക്കും.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354 (സ്‌ത്രീകളുടെ അന്തസിന് ക്ഷതമേൽപ്പിക്കൽ), 354-എ (ലൈംഗിക അതിക്രമം), 506 എന്നീ വകുപ്പുകൾ പ്രകാരം ബ്രിജ് ഭൂഷണെതിരെ കുറ്റം ചുമത്താൻ കോടതി ഉത്തരവിട്ടിരുന്നു. ഇതേ വകുപ്പുകൾ ചുമത്തി കഴിഞ്ഞ വർഷം ജൂൺ 15ന് പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന് പുറമെ 354 ഡി വകുപ്പും പോലീസ് കുറ്റപത്രത്തിൽ ചേർത്തിരുന്നു.
ഇന്ത്യൻ ഗുസ്‌തി താരങ്ങൾ ബ്രിജ് ഭൂഷണെതിരെ ഉയർത്തിയ ലൈംഗിക പീഡന ആരോപണങ്ങൾ രാജ്യത്തെയാകെ പിടിച്ചുലച്ചിരുന്നു. ബ്രിജ് ഭൂഷണെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഒളിമ്പിക് മെഡൽ ജേതാക്കളായ സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗട്ട് എന്നിവരുടെ നേതൃത്വത്തിൽ ഗുസ്‌തി താരങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. എന്നാൽ, ആരോപണങ്ങളെല്ലാം ബ്രിജ് ഭൂഷൺ നിഷേധിക്കുകയായിരുന്നു.
Most Read| കിണറ്റിലിറങ്ങി വനിതാ പഞ്ചായത്തംഗം; പെൺകരുത്തിൽ നാട്ടുകാർക്ക് കുടിവെള്ളം







































