ന്യൂഡൽഹി: ലൈംഗികാരോപണ കേസിൽ ഗുസ്‌തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ കുറ്റം ചുമത്താൻ മതിയായ തെളിവുകൾ ഉണ്ടെന്ന് ഡെൽഹിയിലെ റോസ് അവന്യൂ കോടതി. ബ്രിജ് ഭൂഷൺ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതോടെ കേസിൽ വിചാരണ ആരംഭിക്കും.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354 (സ്‌ത്രീകളുടെ അന്തസിന് ക്ഷതമേൽപ്പിക്കൽ), 354-എ (ലൈംഗിക അതിക്രമം), 506 എന്നീ വകുപ്പുകൾ പ്രകാരം ബ്രിജ് ഭൂഷണെതിരെ കുറ്റം ചുമത്താൻ കോടതി ഉത്തരവിട്ടു. ഇതേ വകുപ്പുകൾ ചുമത്തി കഴിഞ്ഞ വർഷം ജൂൺ 15ന് പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന് പുറമെ 354 ഡി വകുപ്പും പോലീസ് കുറ്റപത്രത്തിൽ ചേർത്തിരുന്നു.
ഉത്തർപ്രദേശിലെ കൈസർഗഞ്ച് മണ്ഡലത്തിലെ സിറ്റിങ് എംപിയാണ് ബ്രിജ് ഭൂഷൺ. മണ്ഡലത്തിൽ ബ്രിജ് ഭൂഷണ് പകരം മകൻ കരൺ ഭൂഷൺ സിങ്ങിനെ മൽസരിപ്പിക്കാൻ ബിജെപി തീരുമാനമെടുത്തതിന് പിറ്റേന്നാണ് കോടതി ഉത്തരവ്. കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്നും നടപടി അഭിമുഖീകരിക്കാൻ തയ്യാറാണെന്നും ബ്രിജ് ഭൂഷൺ അറിയിച്ചു.
ഇന്ത്യൻ ഗുസ്‌തി താരങ്ങൾ ബ്രിജ് ഭൂഷണെതിരെ ഉയർത്തിയ ലൈംഗിക പീഡന ആരോപണങ്ങൾ രാജ്യത്തെയാകെ പിടിച്ചുലച്ചിരുന്നു. ബ്രിജ് ഭൂഷണെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഒളിമ്പിക് മെഡൽ ജേതാക്കളായ സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗട്ട് എന്നിവരുടെ നേതൃത്വത്തിൽ ഗുസ്‌തി താരങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. എന്നാൽ, ആരോപണങ്ങളെല്ലാം ബ്രിജ് ഭൂഷൺ നിഷേധിക്കുകയായിരുന്നു.
Most Read| ഊട്ടി-കൊടൈക്കനാൽ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി