തിരുവനന്തപുരം: സ്‌ഥലംമാറ്റ ഉത്തരവിൽ അതൃപ്‌തി പ്രകടിപ്പിച്ച് ആരോഗ്യവകുപ്പ് ഡയറക്‌ടർ ഡോ. കെജെ. റീന. ആരോഗ്യവകുപ്പിന്റെ നടപടി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഉത്തരവ് കണ്ട് ഞെട്ടിപ്പോയെന്നും റീന പറഞ്ഞു. 15 ദിവസം അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ശാരീരിക അസ്വസ്‌ഥത കാരണം രണ്ടര ദിവസത്തേക്കാണ് അവധി ചോദിച്ചിരുന്നതെന്നും റീന പറഞ്ഞു.
പകർച്ചവ്യാധി സമയത്ത് കൂടുതൽ അവധി ചോദിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഡോ. റീനയെ ആരോഗ്യവകുപ്പ് സ്‌ഥലം മാറ്റിയത്. കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. അഡീഷണൽ ഡിഎച്ച്എസ് ഡോ. വി. മീനാക്ഷിക്കാണ് ആരോഗ്യവകുപ്പ് ഡയറക്‌ടരുടെ ചുമതല നൽകിയത്. ഡോ. റീനയെ എറണാകുളം റീജിയണൽ ലബോറട്ടറി ഡയറക്‌ടർ സ്‌ഥാനത്തേക്കാണ് സ്‌ഥലം മാറ്റിയത്.
ഡോ. റീന 15 ദിവസം അവധി എടുത്തുവെന്നാണ് സ്‌ഥലംമാറ്റ ഉത്തരവിൽ ആരോഗ്യവകുപ്പ് വ്യക്‌തമാക്കിയത്. എന്നാൽ, ഇക്കാര്യം റീന നിഷേധിച്ചതോടെ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ രംഗത്തെത്തി. മൂന്നുവർഷം കാലാവധി പൂർത്തിയാക്കിയതിനാലും സർക്കാരിനോട് ആലോചിക്കാതെ ചില നടപടി സ്വീകരിച്ചതിനാലുമാണ് സ്‌ഥലം മാറ്റാമെന്ന് കെ. മുരളീധരൻ പറഞ്ഞു.
സർക്കാരുമായി കൂടിയാലോചിക്കാതെ ശബരിമലയിലേക്ക് ഡോക്‌ടർമാരെ നൽകാൻ കഴിയില്ലെന്ന് കത്ത് നൽകിയത് തെറ്റാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എന്ത് അടിസ്‌ഥാനത്തിലാണ് ഇത്തരത്തിൽ കത്ത് നൽകിയത്. അത് സർക്കാരിന്റെ ചുമതല അല്ലേ. അവർ ലീവിന് അപേക്ഷിച്ചതിൽ തെറ്റില്ല. പക്ഷേ, സർക്കാരിന്റെ സിസ്‌റ്റത്തോട് സഹകരിക്കാത്തവർക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സർവീസിന് തന്നെ വേണ്ടെങ്കിൽ അവിടെ കടിച്ചുതൂങ്ങി നിൽക്കണമെന്ന് നിർബന്ധമില്ലെന്ന് ഡോ. റീന പറഞ്ഞു. പക്ഷെ, ഒരിക്കലും ഒരു തെറ്റായ കാര്യം ചിത്രീകരിച്ചിട്ട് ആവരുത് പുറത്തുവിടുന്നതെന്ന് അഭിപ്രായമുണ്ടെന്നും ഡോ. റീന വ്യക്‌തമാക്കി.
ആരോഗ്യവകുപ്പ് അഡീ. ചീഫ് സെക്രട്ടറിക്ക് നൽകിയ അവധി അപേക്ഷയിൽ 12ന് ഉച്ചയ്‌ക്ക് ശേഷവും 15,16 തീയതികളിലുമായാണ് അവധിക്ക് അപേക്ഷിച്ചത്. പ്രവർത്തനങ്ങളുടെ ചുമതല അഡീ. ഡയറക്‌ടർ വിജിലൻസിന് നൽകി. ഇ-ഫയലുകൾ വീട്ടിലിരുന്ന് നോക്കാമെന്നും ഓൺലൈൻ യോഗങ്ങളിൽ പങ്കെടുക്കാമെന്നും അറിയിച്ചിരുന്നു.
ലീവിലാണെങ്കിലും ഇന്നലെ വൈകീട്ട് ആറര വരെയുള്ള അവലോകന യോഗങ്ങളിൽ സംബന്ധിക്കുകയും ചെയ്‌തു. രാത്രി എട്ടുമണിവരെ ഓഫീസ് ഫയലുകൾ നോക്കിയിരുന്നു. നിപ്പയുടെ ഫലം സംബന്ധിച്ച് മന്ത്രിയെ ഫോണിൽ വിളിച്ചു പറഞ്ഞ ശേഷം ടിവി ഓൺ ചെയ്യുമ്പോഴാണ് എന്നെ സ്‌ഥലം മാറ്റിയ വിവരം അറിയുന്നത്. 30 വർഷം സർവീസുള്ള ഒരാളെ മാറ്റുമ്പോൾ ആർക്കെങ്കിലും ഒന്നു പറയാമായിരുന്നു. അത് ഒരു ഉദ്യോഗസ്‌ഥയ്‌ക്ക് കിട്ടേണ്ട നീതിയല്ലേ. അത് നിഷേധിക്കപ്പെട്ടുവെന്നും ഡോ. റീന വിശദമാക്കി.
ശബരിമലയിൽ ഒരു സ്‌ഥിരം സംവിധാനം ആവശ്യമാണെന്ന് തോന്നിയതിനാലാണ് കത്ത് നൽകിയത്. അത് സ്വന്തം തീരുമാനം ആയിരുന്നില്ല. പബ്ളിക് ഹെൽത്ത് സ്‌റ്റേറ്റ് നോഡൽ ഓഫീസറും അഡീ. ഡയറക്‌ടറും യോഗത്തിൽ കാര്യങ്ങൾ വിശദമായി ദേവസ്വത്തെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്‌ഥാനത്തിലാണ് കത്ത് നൽകിയത്. കത്ത് നൽകുന്നതിന് മുൻപ് ബന്ധപ്പെട്ട ഡോക്‌ടർമാരുടെയും ഉദ്യോഗസ്‌ഥരുടെയും യോഗം വിളിച്ചിരുന്നുവെന്നും ഡോ. റീന കൂട്ടിച്ചേർത്തു.
Most Read| പ്രായമൊക്കെ എന്ത്! ബിഎ പരീക്ഷയിൽ മികച്ച വിജയം നേടി പത്ത് വീട്ടമ്മമാർ




































